കോട്ടയം: ശമ്പളം ചോദിച്ചപ്പോള്‍ ക്ലീനറെ സിഗരറ്റ് വാങ്ങാന്‍ പറഞ്ഞയച്ച് ലോറി ഉടമ വാഹനവുമായി മുങ്ങി. വിശപ്പകറ്റാന്‍ ഭക്ഷണവും നാട്ടിലെത്താന്‍ പണവുമില്ലാതെ വലഞ്ഞ കര്‍ണാടക സ്വദേശിയായ യുവാവിന് ഓട്ടോ തൊഴിലാളികള്‍ പിരിവെടുത്തു ഭക്ഷണവും വണ്ടിക്കൂലിയും നല്‍കി ട്രെയിന്‍ കയറ്റി നാട്ടിലേക്കയച്ചു. കര്‍ണാടകയില്‍ നിന്നെത്തിയ നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ക്ലീനര്‍ വി.ജോസഫിനാണ് (24) കുറുപ്പന്തറ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാര്‍ തുണയായത്. തിരുവനന്തപുരത്ത് ലോഡുമായി എത്തിയതായിരുന്നു ലോറി.
ഉടമ തന്നെയാണ് ഡ്രൈവറും. തിരികെ ലോഡുമായി പോകും വഴി ശനിയാഴ്ച രാത്രി 11 മണിയോടെ കോട്ടയത്ത് എത്തിയപ്പോഴാണു ജോസഫിനെ ലോറി ഉടമ വഴിയില്‍ ഉപേക്ഷിച്ചത്. ഒരു മാസത്തെ ശമ്പളമായ 8000 രൂപ ജോസഫ് ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ഉടമ മുങ്ങിയത്. ജോസഫിന്റെ വസ്ത്രവും പഴ്‌സും മൊബൈല്‍ ഫോണും ലോറിയിലായിരുന്നു. ലോറി ഉടമ ജോസഫിന്റെ അയല്‍ക്കാരനാണ്. പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നു ജോസഫ് പറഞ്ഞു.
എറണാകുളത്തേക്കു പോകാന്‍ ഇന്നലെ വൈകിട്ട് ട്രെയിനില്‍ കയറി. ടിക്കറ്റ് എടുക്കാത്തതിനാല്‍ കുറുപ്പന്തറയില്‍ എത്തിയപ്പോള്‍ ജോസഫിനെ ഇറക്കിവിട്ടു. വിശന്നു വലഞ്ഞു നടക്കുന്നതിനിടയില്‍ ജോസഫ് ഓട്ടോ ഡ്രൈവര്‍മാരോട് തനിക്കുണ്ടായ ദുരനുഭവം പറഞ്ഞു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഭക്ഷണം വാങ്ങിനല്‍കി. പിരിവെടുത്ത് 520 രൂപയും നല്‍കി. കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എറണാകുളത്തേക്കു ടിക്കറ്റ് എടുത്തു നല്‍കി മംഗലാപുരത്തേക്കു യാത്രയാക്കി. തന്നെ സഹായിച്ച ഓട്ടോ ഡ്രൈവര്‍മാരുടെ മൊബൈല്‍ നമ്പറും വാങ്ങിയാണു ജോസഫ് മടങ്ങിയത്.