കർണാടകത്തിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറിഡ്രൈവർ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ വീണ്ടും പുനരാരംഭിക്കുന്നു. ഗംഗാവാലി പുഴയില്‍ അര്‍ജുനായി ഇന്ന് നാവികസേനയുടെ നേതൃത്വത്തില്‍ വീണ്ടും സോണാര്‍ റഡാര്‍ പരിശോധന നടത്തും. പുഴയിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് പ്രാഥമിക ലക്ഷ്യം. കാര്‍വാറില്‍ ഇന്നലെ രാത്രി വൈകീട്ടു നടന്ന ഉന്നതല യോഗത്തിലാണ് പുഴയിലെ തിരച്ചില്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്.
ഷിരൂരിലെ തിരച്ചില്‍ തുടരണമെന്ന് നേരത്തെ കര്‍ണാടക ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവും സര്‍ക്കാരിന് നല്‍കി. എന്നാല്‍ പുഴയിലെ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് തിരച്ചിലില്‍ നിന്നും ദൗത്യസേനാംഗങ്ങള്‍ വിട്ടു നിന്നുത്. പുഴയിലെ ഒഴുക്ക് 4 നോട്‌സില്‍ താഴെയായെങ്കില്‍ മാത്രമെ പുഴയില്‍ ഇറങ്ങിയുള്ള പരിശോധന സാധ്യമാകുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി ഈ മേഖലയില്‍ മഴ വിട്ടുനില്‍ക്കുകയാണ്.
ജൂലായ് 16ന് രാവിലെ കര്‍ണാടക- ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍- കന്യാകുമാരി ദേശീയ പാതയിലാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍ പെട്ടത്. 9 ദിവസങ്ങൾക്ക് ശേഷം നദിക്കടിയിൽ ലോറിയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ലോറിക്കരികിലെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് നദിയിലെ അടിയൊഴുക്ക് കുറയുന്നതുവരെ തിരച്ചിൽ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
ഇതിനിടെ തിരച്ചിൽ അനിശ്ചിതത്വത്തിലായതിനെ തുടർന്ന് ഷിരൂരിലെത്തി കളക്ടറെ ആശങ്ക അറിയിക്കാൻ ഒരുങ്ങുകയായിരുന്നു അർജുൻ്റെ കുടുംബം.
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും അർജുനായുള്ള തിരച്ചിൽ നടക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ഇന്ന് കളക്ടറെ കാണാനാണ് കുടുംബം പ്ലാനിട്ടത്ത്. പുഴയിൽ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ തുടങ്ങിയില്ലെങ്കിൽ കുടുബാംഗങ്ങൾ ഒന്നിച്ച് ഷിരൂരിൽ എത്തി പ്രതിഷേധിക്കുമെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി.
മാത്രമല്ല ഷിരൂരിൽ തിരച്ചിൽ നടക്കുന്നില്ലെന്നും പുഴയിൽ തിരച്ചിലിനായി എത്തിയ ഈശ്വർ മാൽപ്പയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു എന്നും കുടുംബം ആരോപണമുന്നയിച്ചു.