ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെതിരെ വിമതനീക്കം. തോട്ടണ്ടി അഴിമതി കേസിൽ ആരോപണ വിധേയനായ ആർ ചന്ദ്രശേഖരൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ ഒരു വിഭാഗം യോഗം ചേർന്നു. ആർ ചന്ദ്രശേഖരൻ ‘ഐഎൻടിയുസി മാർക്സിസ്റ്റ് വിഭാഗം’ എന്ന് ദേശീയ സെക്രട്ടറി കെ പി ഹരിദാസ് പരിഹസിച്ചു.
ഐഎൻടിയുസി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നതിനിടെയാണ്,
തോട്ടണ്ടി അഴിമതി കേസിൽ ഹൈക്കോടതിയിൽ നിന്ന് ആർ ചന്ദ്രശേഖരനേറ്റ തിരിച്ചടി വിമതവിഭാഗം ആയുധമാക്കിയത്.
ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ പി ഹരിദാസിന്റെയും, സംസ്ഥാന മുൻ അധ്യക്ഷൻ കെ സുരേഷ് ബാബുവിന്റെയും, നേതൃത്വത്തിൽ യോഗം ചേർന്ന് ആർ ചന്ദ്രശേഖരൻ സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി. ആർ ചന്ദ്രശേഖരൻ സംസ്ഥാന സർക്കാരിനെതിരെ ഒരു സമരവും നടത്താൻ കഴിവില്ലാത്ത അധ്യക്ഷനാണെന്ന് ദേശീയ സെക്രട്ടറി കെ പി ഹരിദാസ് തുറന്നടിച്ചു
ചന്ദ്രശേഖരൻ്റേത് ഏകാധിപത്യ മനോഭാവമെന്ന് ആരോപിച്ച് സംസ്ഥാന ഘടകത്തിനകത്ത് തർക്കം രൂക്ഷമായിരുന്നു.ദേശീയ അധ്യക്ഷൻ സഞ്ജീവ് റെഡിയെ നേരിട്ട് കണ്ട് ആർ ചന്ദ്രശേഖരനെതിരെ നടപടിയെടുക്കണമെന്ന് വിമത വിഭാഗം ആവശ്യപ്പെടും. 2006- 2015 കാലയളവിലെ തോട്ടണ്ടി ഇടപാടുകളിൽ നടന്ന അഴിമതിക്കേസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നിലവിൽ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.