‘നോ പ്രോബ്‌ളം എന്ന പ്രോബ്‌ളം’, അഭിപ്രായസ്വാതന്ത്ര്യം അതിരുകടക്കുമ്പോൾ…
ലൈഫ്‌സ്റ്റൈൽ
സുനിൽ കെ ചെറിയാൻ
ദീർഘദൂരയാത്രയ്ക്ക് നമ്മൾ ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നു. മൂന്ന് പേർക്കുള്ള സീറ്റിൽ രണ്ട് തടിയന്മാർ. നേരത്തേ വന്നവരാണ്. അവരുടെയിടയിൽ ഞെങ്ങി ഞെരുങ്ങി 6 മണിക്കൂർ യാത്ര. വഴി നീളെ അവരുടെ ഫോൺ സംസാരം. റോഡ് നിറയെ ട്രാഫിക്കും ബഹളവും. യാത്ര കഴിഞ്ഞ് നേരെ ഹോസ്പിറ്റലിലേയ്ക്ക് പോകുമ്പോഴും നമ്മൾ ചിന്തിക്കുന്നത് ‘അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ല’ അഥവാ ‘നോ പ്രോബ്‌ളം’ എന്നാണ്.
അതിലും ഭീകരമാണ് ഹോസ്പിറ്റലിലേയ്ക്ക് നടക്കുമ്പോൾ വഴിയിലെ മാൻഹോളിൽ വീഴുകയെന്നത്. എല്ലാരും കൂടി പിടിച്ചു കയറ്റി, ചിലർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റി, നമ്മൾ ‘പ്രശസ്‌തരാ’വുമ്പോഴും നമ്മളുടെ ചിന്ത ഇതാണ്:
‘ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായി!’
പൊതുസംവിധാനങ്ങളും ജനങ്ങളുടെ സാമൂഹിക പെരുമാറ്റവും കൂടി മഹത്തായ സംഭാവന ചെയ്‌ത നിലപാടാണ് ‘നോ പ്രോബ്‌ളം’ എന്ന നിലപാട്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരത്തിന്റെ ടിക്കറ്റ്, സഹോദരി ദുരുപയോഗം ചെയ്‌തു എന്ന് കേൾക്കുമ്പോഴും നമ്മൾ പറയുന്നു:
‘ഇന്ത്യയിൽ ഇത് നടക്കുമല്ലോ!’
യുകെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന് ഒരു കാരണമായി പറയുന്നത് സംസ്‌കാരങ്ങളുടെ സംഘർഷം എന്നാണ്. ഇന്ത്യാക്കാർ പെരുവഴിയിലൂടെ ഉറക്കെ സംസാരിച്ചു നടക്കുന്നത് തദ്ദേശീയർക്ക് അലോസരം. അവർ പ്രതികരിക്കുന്നത് നമ്മൾ ഇന്ത്യൻസ് വീഡിയോയിലാക്കുന്നു.
ഇത് അവരെ കൂടുതൽ പ്രകോപിപ്പിക്കുന്നു. അപ്പോഴും നമ്മൾ വിചാരിക്കുന്നു:
‘ഇന്ത്യയിൽ ഇത് നടക്കുമല്ലോ!’
ഇന്ത്യയിൽ എപ്പോഴും ഈ മനോഭാവം നടക്കണമെന്നില്ല. സോഷ്യൽ മീഡിയയിൽ മോഹൻലാലിനെ വ്യക്തിപരമായി അധിക്ഷേപിച്ചയാളുടെ അറസ്റ്റ് വ്യക്തമാക്കുന്നത് എല്ലാവരും എപ്പോഴും ‘ചൽത്താ ഹൈ’ മനോഭാവക്കാരക്കല്ല എന്നാണ്. ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനൊപ്പം അപകീർത്തിപ്പെടുന്നവനും പരാതിപ്പെടാം.
ജനാധിപത്യം നീണാൾ വാഴ്‌ക!