NEWS

കണ്ണീരൊടുങ്ങാതെ വയനാട്:  ഇന്നും തെരച്ചില്‍ തുടരുന്നു, ഡിഎന്‍എ ഫലം ഇന്നു മുതല്‍ പരസ്യപ്പെടുത്തും

    വയനാടിൻ്റെ കണ്ണിരൊടുങ്ങുന്നില്ല. ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്നും തെരച്ചില്‍ തുടങ്ങി. ഇന്നലെ 3 ശരീരഭാഗങ്ങൾ കിട്ടി. ശനിയാഴ്ചയും 4 മൃതദേഹങ്ങൾ കണ്ടെത്തി. മുണ്ടക്കൈയിൽ ഇന്നലെ നടത്തിയ ജനകീയ തെരച്ചിലിന് കനത്ത മഴ തിരിച്ചടിയായി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് 3 ശരീരഭാഗങ്ങൾ കണ്ടെടുത്തത്. മരണം ഇതുവരെ 438 ആയി. ഇനിയും കണ്ടെത്താനുള്ളത് 143 പേരെ.

കഴിഞ്ഞ ദിവസം 3 മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്ന്  പരിശോധിക്കും. വിവിധ സേനകളുടെ നേതൃത്വത്തില്‍ ചാലിയാറിലും ഇന്ന് വിശദമായ തിരച്ചില്‍ നടത്തും. ജനകീയ തിരച്ചില്‍ ഉണ്ടാകില്ല.

Signature-ad

അഗ്‌നിരക്ഷാസേന, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, വനപാലകര്‍, വളന്റിയര്‍മാര്‍ എന്നിവരുള്‍പ്പെട്ട 200 പേരാണ് ഇന്നത്തെ തിരച്ചിലിൽ പങ്കെടുക്കുന്നത്. ദുര്‍ഘട മേഖലകളില്‍ സേന മാത്രം തിരച്ചില്‍ നടത്താനാണ് തീരുമാനം. ഓരോ മേഖലയിലും തിരച്ചിലിനുണ്ടാകേണ്ടവരെ നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ചാലിയാറില്‍ തിരച്ചില്‍ നടത്തിയതാണെങ്കിലും എല്ലാ സാധ്യതകളും ഉപയോഗിക്കാൻ തന്നെയാണു തീരുമാനം.

ഇതേസമയം ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള അന്വേഷണത്തിന് പുതിയ വഴിത്തിരിവായിരിക്കുന്നു  ജില്ലാ ഭരണകൂടം തയ്യാറാക്കിയ കാണാതായവരുടെ പട്ടിക. ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ച് വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് ഈ പട്ടിക തയ്യാറായത്.

ഈ പട്ടിക വഴി കാണാതായവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ സാധിക്കും. അതോടൊപ്പം, ബന്ധുക്കളുടെ മാനസിക സംഘർഷം കുറയ്ക്കാനും ഇത് സഹായിക്കും.

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡിഎന്‍എ ഫലങ്ങള്‍ ഇന്ന് മുതല്‍ പരസ്യപ്പെടുത്തും. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക ക്യാംപ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: