പാലക്കാട്: അയല്‍വാസിയുടെ പൂവന് കോഴികള്‍ കൂവുന്നത് കാരണം ഉറക്കം നഷ്ടമാകുന്നുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ചര്‍ച്ച നടത്തി ഷൊര്‍ണൂര്‍ നഗരസഭ. പത്താം വാര്‍ഡില്‍ നിന്നും നഗരസഭയ്ക്ക് ലഭിച്ച പരാതിയും തുടര്‍നടപടികളുമാണ് കൗണ്‍സില്‍ യോഗത്തിലും ദീര്‍ഘ ചര്‍ച്ചയായത്.
അയല്‍വാസിയുടെ വീട്ടിലെ കോഴി കൂവല്‍ അസഹ്യം, ഉറങ്ങാനാവുന്നില്ല, കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നെല്ലാമാണ് ഷൊര്‍ണൂര്‍ നഗരസഭയിലെ കാരക്കാട് വാര്‍ഡ് കൗണ്‍സിലര്‍ക്ക് മുന്നില്‍ വീട്ടമ്മ നല്കിയ പരാതി.
വീട്ടമ്മയുടെ പരാതിയില്‍ നഗരസഭ ആരോഗ്യവിഭാഗം ഉടനടി നടപടിയുമെടുത്തു. എതിര്‍കക്ഷിയുടെ വീട്ടിലെത്തി കോഴിക്കൂട് വൃത്തിയായി സൂക്ഷിക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്. എന്നാല്‍ കൂവലിന്റെ കാര്യത്തില്‍ ഇതുവരെ പരിഹാരമായിട്ടില്ല. പിന്നാലെ വീട്ടമ്മ വീണ്ടും പരാതിയുമായെത്തി. തുടര്‍ന്ന് വിഷയം വാര്‍ഡ് കൗണ്‍സിലര്‍ കൗണ്‍സില്‍ യോഗത്തില്‍ തന്നെ ഉന്നയിച്ചു.
ഭരണപക്ഷവും പ്രതിപക്ഷവും അജണ്ടയിലില്ലാത്ത ചര്‍ച്ച ഒരേ സ്വരത്തില്‍ ഏറ്റെടുത്തു. കോഴി കൂവുന്നതിന് നമുക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന രീതിയില്‍ ചര്‍ച്ച വഴിമാറിയെങ്കിലും സ്ഥലത്ത് പോയി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വിഭാഗത്തോട് നഗരസഭാദ്ധ്യക്ഷന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. കൂടാതെ പരിഹാരമുണ്ടാക്കാമെന്ന് കൗണ്‍സിലര്‍ക്ക് ഉദ്യോഗസ്ഥരുടെ ഉറപ്പും.