KeralaNEWS

നാളെ പ്രധാനമന്ത്രി വയനാട്ടിൽ: ദുരന്ത സ്ഥലങ്ങളിൽ ജനകീയ തെരച്ചിൽ ആരംഭിച്ചു, മരണം 423, ഇനി കണ്ടെത്താനുള്ളത് 157 പേരെ

രാവിലെ 6 മണി മുതൽ വയനാട് ദുരന്തമേഖലയിൽ  ജനകീയ തെരച്ചിൽ ആരംഭിച്ചു. ക്യാമ്പിൽ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും ദൗത്യ സംഘത്തിനൊപ്പം ചേർന്ന് വിവിധ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നുണ്ട്. സൈന്യവും നിലവിലെ ദൗത്യസംഘവും തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ വീണ്ടും തെരച്ചിൽ നടത്തുകയാണ് ലക്ഷ്യം.

ഇനിയും ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ എന്ന കാര്യത്തിലെ അവസാന ശ്രമമാണിത്. മന്ത്രിമാരും എംഎൽഎമാരും അടക്കം ജനകീയ തെരച്ചലിന്റെ ഭാഗമാകും.പുലർച്ചെ ആരംഭിച്ച തെരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കും.

Signature-ad

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക. ദുരന്തപ്രദേശത്ത് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ ആകാശ നിരീക്ഷണം നടത്തും. തുടര്‍ന്ന് അദ്ദേഹം ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തും. കല്പറ്റയില്‍ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

സന്ദര്‍ശനത്തില്‍ കണ്ണൂരില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രധാനമന്ത്രിക്കൊപ്പം ചേരും എന്നാണ് വിവരം. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ദുരന്തത്തില്‍ 423 പേരാണ് മരിച്ചത്. 157 ഓളം പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു എന്നാണ് മുഖമന്ത്രി ഇന്നലെ അറിയിച്ചത്. 14 ക്യാമ്പുകളിലായി മേപ്പാടിയിൽ 641 കുടുംബം താമസിക്കുന്നുണ്ട്. കുട്ടികൾ അടക്കം 1942 പേർ ക്യാമ്പിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തെരച്ചിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം. ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്. ദുരിത ബാധിച്ചവർക്കുള്ള താൽക്കാലിക പുനരധിവാസവും ഉറപ്പിക്കാനുള്ള നടപടികളും വേഗത്തിലാക്കുന്നുണ്ട്. സ്കൂളുകൾ വേഗത്തിൽ പ്രവർത്തന സജ്ജമാക്കും. സ്കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

കരസേനയുടെ ഒരു വിഭാഗം മടങ്ങി. കാര്യക്ഷമമായ രക്ഷാ തെരച്ചിൽ പരിശ്രമങ്ങൾക്ക് ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്. ബെയ്‍ലി പാലം അടക്കം നിർണായക ഇടപെടലാണ് സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം വയനാട്ടിലെത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ജോയിന്റ് സെക്രട്ടറി രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് സർക്കാർ പ്രതിനിധികളുമായി സംഘം ചർച്ച നടത്തും.

ഇതിനിടെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ  ബെഞ്ചാണ് കേസ് പരിഗണിക്കുക. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. അനധികൃത ഖനനം, പ്രളയമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: