KeralaNEWS

വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; മന്ത്രി വീണാ ജോര്‍ജിന് പരിക്ക്

മലപ്പുറം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. മഞ്ചേരിയില്‍ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയെ ചെറിയ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കും പരിക്കുണ്ട്. വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നാണ് വിവരം. മുഖ്യമന്ത്രി ഇന്ന് ദുരന്തമേഖല സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വയനാട്ടിലെത്തും.

Signature-ad

വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേപ്പാടിയില്‍ രാവിലെമുതല്‍ രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 153 ആയി ഉയര്‍ന്നു. 211 പേരെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 481 പേരെ രക്ഷപ്പെടുത്തി. 3069 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 186 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. എട്ടുമൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

നാല് സംഘങ്ങളിലായി 150 സൈനികര്‍ ചൂരല്‍മലയില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യത്തിന് പിന്തുണയുമായി സന്നദ്ധപ്രവര്‍ത്തകരുമുണ്ട്. അഗ്‌നിശമന സേനയുടെ തെരച്ചില്‍ ഉടന്‍ തുടങ്ങുമെന്നാണ് വിവരം. ഇതിനുപുറമെ ബംഗളൂരുവില്‍ നിന്ന് ബെയിലി പാലം നിര്‍മിക്കാനുള്ള സാമഗ്രികളും എത്തിക്കുന്നുണ്ട്. പാലം നിര്‍മിച്ചുകഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകുമെന്ന് റവന്യൂമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

 

Back to top button
error: