ഇടുക്കി: കടയില്‍ മോഷണം നടത്തിയ ശേഷം നാട്ടില്‍ പോകാന്‍ പോലീസിനോട് പണം ചോദിച്ച തമിഴ്നാട് സ്വദേശി പിടിയില്‍. തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ വില്ലുപുരം വിരിയൂര്‍ പഴയന്നൂര്‍ കോളനി ഹൗസ് നമ്പര്‍ 24-ല്‍ രാധാകൃഷ്ണനെ (59) യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന ഇയാള്‍ 2 ലക്ഷം രൂപയാണ് കവര്‍ന്നത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ മുന്നില്‍പെട്ടത്.
23 ന് രാത്രി പന്ത്രണ്ടോടെ കോതായിക്കുന്ന് റോഡില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് ഇയാള്‍ മോഷണം നടത്തിയത്. ചില്ലു വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ ഇയാള്‍ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 2,06,030 രൂപ മോഷ്ടിച്ചു. മോഷണത്തിനു ശേഷം നടന്നുവരികയായിരുന്ന ഇയാള്‍ വെങ്ങല്ലൂര്‍ ഷാപ്പുപടിയില്‍ പൊലീസ് പട്രോള്‍ സംഘത്തെ കണ്ട് തിരികെ പോകാന്‍ ശ്രമിച്ചു. ഇതോടെ എസ്ഐ കെ.ഇ.നജീബ് സിപിഒമാരായ ബേസില്‍, നഹാസ്, രതീഷ് എന്നിവരടങ്ങുന്ന സംഘം ഇയാളെ തടഞ്ഞ് നിര്‍ത്തി കാര്യം അന്വേഷിച്ചു. ഏഴല്ലൂരില്‍ ഹോട്ടല്‍ ജോലിക്ക് വന്നതാണെന്നും ജോലി ഇഷ്ടപ്പെടാത്തതിനാല്‍ തിരികെ പോകുകയാണെന്നും അയാള്‍ പറഞ്ഞു.
വീട്ടില്‍ പോകാന്‍ പണമില്ലെന്നും എന്തെങ്കിലും നല്കി സഹായിക്കണമെന്നും പൊലീസുകാരോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ഇയാളുടെ പോക്കറ്റില്‍ പണം ഇരിക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയതോടെ കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മോഷണം വ്യക്തമായത്. പോക്കറ്റില്‍നിന്ന് 6,000 രൂപ കിട്ടി. കൂടാതെ 2,06,030 രൂപ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാളെ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുത്തു. പിന്നീട് മുട്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.