വയനാട്: മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍ ഉള്‍പ്പെടെയാണിത്. എഴുപതോളം പേര്‍ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടകൈയില്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാനായിട്ടില്ല. മുണ്ടകൈയില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അവിടുത്തെ വിവരങ്ങള്‍ കൂടി പുറത്തുവരുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതിനിടെ, രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകള്‍ തിരികെപ്പോയതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. നിലവില്‍ പുഴയ്ക്ക് കുറുകെ വടംകെട്ടി എന്‍ഡിആര്‍എഫ് സംഘങ്ങള്‍ അക്കരെ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള സാഹസിക ശ്രമത്തിലാണ്.
മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലാണ് ഏറെ നാശനഷ്ടമുണ്ടായത്. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ ഈ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം ഇതുവരെ സാധ്യമായിട്ടില്ല. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. ഇവിടെ സൈന്യം എത്തിയശേഷം താല്‍ക്കാലിക പാലം നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സൈന്യം ഇതുവരെ എത്തിയിട്ടില്ല. മുണ്ടക്കൈയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരല്‍മല സ്‌കൂളിനു സമീപമാണ് ആദ്യം ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈ ടൗണില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായി. മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു.
അഗ്‌നിരക്ഷാ സേനയുടെയും എന്‍ഡിആര്‍എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഉച്ചയോടെ 4 യൂണിറ്റ് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ പ്രദേശത്തെത്തും. വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടി എന്ന് പ്രദേശവാസികള്‍ പറയുന്നു. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്കു സമീപമാണ് ചൂരല്‍മലയും മുണ്ടക്കൈയും.
കോഴിക്കാട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയില്‍ ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. പുഴകളില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.