തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്. യോഗങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. വയനാട് ക്യാമ്പിലെയും ഭാരവാഹി യോഗത്തിലേയും വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തിലാണ് നടപടി. വിവരങ്ങള്‍ ചോര്‍ത്തിയവരെ കണ്ടെത്താന്‍ നിര്‍ദ്ദേശം. അച്ചടക്ക സമിതിയുടെ അന്വേഷണം ഉടന്‍ തുടങ്ങും. പരസ്യ പ്രതികരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കെ സുധാകരന്‍-വി ഡി സതീശന്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കെപിസിസിയില്‍ ശുദ്ധികലശത്തിനുള്ള നീക്കവും ഹൈക്കമാന്‍ഡ് ആരംഭിച്ചിട്ടുണ്ട്. കെപിസിസി ഭാഗികമായി പുന സംഘടിപ്പിച്ചേക്കും. പത്തോളം ഭാരവാഹികളെ മാറ്റാനാണ് നീക്കം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനെ മാറ്റും. പകരം എം ലിജുവിന് ചുമതല നല്‍കിയേക്കും.
വയനാട് ക്യാമ്പ് എക്സിക്യൂട്ടീവിന് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള തര്‍ക്കം മുറുകുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര കെപിസിസി ഭാരവാഹി യോഗത്തില്‍ സതീശനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുകയാണെന്നും സമാന്തര സംഘടനാ പ്രവര്‍ത്തനം നടത്തുന്നുമെന്നുമുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്.
സതീശനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സ്ഥിരീകരിക്കുന്ന നിലയിലാണ് പിന്നീട് സുധാകരനും പ്രതികരിച്ചത്. അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പേര് പരാമര്‍ശിക്കാതെയാണ് സുധാകരന്‍ രംഗത്തെത്തിയതെങ്കിലും ഇത് സതീശനെതിരായ ഒളിയമ്പായിരുന്നു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെ തര്‍ക്കം കൂടുതല്‍ പരസ്യമായി.