CrimeNEWS

അലക്കിനിടെ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് മാലപൊട്ടിക്കാന്‍ ശ്രമം; അയല്‍വാസിയായ യുവതി പിടിയില്‍

തൃശ്ശൂര്‍: വീട്ടുമുറ്റത്തെ അലക്കുകല്ലില്‍ വസ്ത്രങ്ങള്‍ കഴുകവേ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് മാല പൊട്ടിക്കാന്‍ ശ്രമം. ചെന്ത്രാപ്പിന്നി ചാമക്കാല രാജീവ് റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൊച്ചിക്കാട്ട് സത്യഭാമയുടെ മൂന്നേമുക്കാല്‍ പവന്റെ മാലയാണ് പിന്നിലൂടെ പതുങ്ങിവന്ന യുവതി പൊട്ടിച്ചത്.

എന്നാല്‍, മുളകുപൊടി ലക്ഷ്യം മാറി നെറ്റിയില്‍ വീണതിനാല്‍ ആളെ തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചവെച്ചതോടെ യുവതി മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ തലാശ്ശേരി സുബിത(മാളു-34)യെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കയ്പമംഗലം എസ്.ഐ. സൂരജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തത്.

Signature-ad

അതേസമയം, മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയില്‍ രോഗിയുടെ സ്വര്‍ണമാല മോഷ്ടിച്ച സ്ത്രീയെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുനഗരം സ്വദേശിനി വിജയകുമാരി(58)യാണ് അറസ്റ്റിലായത്. ഒരാഴ്ചമുന്‍പായിരുന്നു സംഭവം. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായിട്ടായിരുന്നു പ്രതി ആശുപത്രിയിലെത്തിയത്. അടുത്തുള്ള രോഗിയുടെ മാലയാണ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം ആശുപത്രി വിട്ട സ്ത്രീയെ വീട്ടില്‍നിന്നാണ് പിടികൂടിയത്.

Back to top button
error: