തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടു നേതാക്കള്‍. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടല്‍ തേടിയ സതീശന്‍ കാത്തിരിക്കയാണ്. കെ സി വേണുഗോപാല്‍ തനിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സതീശന്‍. അതേസമയം കേരളത്തിലെ മറ്റു നേതാക്കളും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു.
വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടേണ്ടതില്ലെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു. വിഷയം പാര്‍ട്ടിക്കുള്ളില്‍ തന്നെ തീരുമെന്നും രാഘവന്‍ പ്രതികരിച്ചു. വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നായിരുന്നു മുതിര്‍ന്ന നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. പാര്‍ട്ടിക്കുള്ളിലെ വാര്‍ത്തകള്‍ ചോര്‍ത്തുന്നത് ഇരുട്ടിന്റെ സന്തതികളാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ നേതാക്കള്‍ വിഷയത്തില്‍ ഇടപെടുന്നത്.
ഒരുമിച്ച് പോകണമെന്ന് ചെന്നിത്തലയും പ്രതികരിച്ചു. മിഷന്‍ 2025-മായി ബന്ധപ്പെട്ട് കെപിസിസിയിലെ തര്‍ക്കം പരിഹരിച്ച് പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ ഐക്യത്തിന്റ സന്ദേശം ഇല്ലാതാക്കരുതെന്നും കോണ്‍ഗ്രസ് ഒരുമിച്ച് പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ വഷളാക്കരുത്. പരാതി ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. പാര്‍ട്ടി യോഗങ്ങളിലെ അഭിപ്രായങ്ങള്‍ പുറത്തു പറയരുത്. മിഷന്‍ 2025 എല്ലാവരും യോജിച്ചു എടുത്ത തീരുമാനമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
പാര്‍ട്ടിയാണ് വലുതെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. കെപിസിസിക്ക് കീഴിലാണ് മിഷന്‍ 2025. ജില്ലകളുടെ ചുമതല ജനറല്‍ സെക്രട്ടറിമാര്‍ക്ക് തന്നെയാണ്. മിഷന്‍ 2025 ഭാഗമായുള്ള നേതാക്കള്‍ സഹായികള്‍ മാത്രമാണ്. നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ തിരുത്തണം. വിഡി സതീശന്‍ വിട്ടുനില്‍ക്കുന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. നേതാക്കള്‍ക്ക് ക്ഷാമം ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഏതു നേതാവിനെയും വിമര്‍ശിക്കാനുള്ള ജനാധിപത്യം പാര്‍ട്ടിയില്‍ ഉണ്ട്. പാര്‍ട്ടി ചര്‍ച്ചകള്‍ പുറത്തു പറയുന്നത് ഇരുട്ടിന്റെ സന്തതികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മിഷന്‍ 2025 ചുമതലയെ കുറിച്ച് താന്‍ ഇറക്കിയ സര്‍ക്കുലറിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളിലാണ് വിഡി സതീശന് അതൃപ്തി. തന്റെ പ്രതിഷേധം അദ്ദേഹം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ ചേര്‍ന്ന ലീഡേഴ്‌സ് യോഗത്തില്‍ എഐസിസി നിര്‍ദ്ദേശ പ്രകാരം മിഷന്‍ 2025 ചുമതല ഏറ്റെടുത്തിട്ടും കെപിസിസി അധ്യക്ഷന്‍ അടക്കം വിമര്‍ശിച്ചതിലാണ് സതീശന് അതൃപ്തി.
നിലവില്‍ ജില്ലകളില്‍ ചുമതലയിലുള്ള കെപിസിസി ഭാരവാഹികളെ മറികടന്ന് പുതിയ നേതാക്കള്‍ക്ക് മിഷന്‍ 2025 വഴി ചുമതല നല്‍കിയതിലാണ് കെപിസിസി ഭാരവാഹികളുടെ അതൃപ്തി. പ്രശ്ന പരിഹാരത്തിനായി കെസി വേണുഗോപാല്‍ ഉടന്‍ വിഡി സതീശനുമായും കെ സുധാകരനുമായും സംസാരിക്കുമെന്നാണ് വിവരം.
വിമര്‍ശനത്തിനില്ലെന്ന് പറയുമ്പോഴും യോഗത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടുപുടിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെപിസിസിയുടെ അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കുമെന്ന് സുധാകരനും മുന്നറിയിപ്പ് നല്‍കി. സതീശന്റെ ഏകപക്ഷീയ നീക്കങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്. പാര്‍ട്ടിയിലില്ലാത്ത അധികാരം പ്രതിപക്ഷ നേതാവ് പ്രയോഗിക്കുന്നു എന്നായിരുന്നു ഡിസിസി ഭാരവാഹികളുടെ പരാതി. ‘തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്, തനിക്കെതിരെയുള്ള വിമര്‍ശനത്തിന് ഒരു പരാതിയുമില്ല. അതേസമയം, വിമര്‍ശനം വാര്‍ത്തയായതില്‍ അതൃപ്തിയുണ്ട്’ സതീശന്‍ പറഞ്ഞു
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ നിന്ന് സതീശന്‍ വിട്ടുനിന്നിരുന്നു. വയനാട് തീരുമാനങ്ങളെ ചൊല്ലിയാണ് രൂക്ഷമായ തര്‍ക്കം ഉടലെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല വി ഡി സതീശന് നല്‍കിയിരുന്നു. അവസരം ഉപയോഗിച്ച് ഡിസിസികളെ നേരിട്ട് നിയന്ത്രിക്കാന്‍ സതീശന്‍ ശ്രമിച്ചതും സ്വന്തം നിലയില്‍ സര്‍ക്കുലര്‍ ഇറക്കിയതുമാണ് സുധാകരനൊപ്പമുള്ളവരെ ചൊടിപ്പിച്ചത്. ജില്ലാ ചുമതല നല്‍കിയ ചില നേതാക്കള്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരേക്കാള്‍ മുകളിലാണെന്ന വിധം ഇടപെട്ടതും പ്രശ്‌നമായി.