ഇക്കൊല്ലം തിയേറ്ററുകളിലെത്തിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മികച്ചവയുടെ പട്ടികയില്‍ മുന്നിലുള്ള ചിത്രമാണ് ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും ഗംഭീര പ്രകടനമായി വിലയിരുത്തപ്പെടുന്ന ചിത്രം മാര്‍ച്ച് 28നാണ് തിയേറ്ററുകളിലെത്തിയത്. ബോക്സ്ഓഫീസില്‍ 160 കോടിയിലേറെ സിനിമ കളക്ഷന്‍ നേടുകയും ചെയ്തു. ഇപ്പോഴിതാ നടന് മമ്മൂട്ടിയില്ലായിരുന്നുവെങ്കില്‍ ആടുജീവിതം സംഭവിക്കില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ളെസി. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സംവിധായകന് മനസുതുറന്നത്.
‘മമ്മൂക്ക ഇല്ലെങ്കില്‍ ആടുജീവിതം ഉണ്ടാവുമായിരുന്നില്ല. കാരണം ആടുജീവിതം എനിക്ക് എഴുതാന്‍ പറ്റണമല്ലോ. തന്മാത്രയും ഭ്രമരവും എഴുതാന്‍ കഴിയണമല്ലോ? കാഴ്ച എഴുതാന്‍ മമ്മൂട്ടി തന്ന ധൈര്യമാണ് പിന്നീട് തന്മാത്രയും ഭ്രമരവും എഴുതാന്‍ ആത്മവിശ്വാസമായത്. നിനക്ക് എഴുതാന്‍ പറ്റുമെന്ന് ഒരു സ്റ്റാര്‍ പറയുകയും അദ്ദേഹം അതിനായി വഴങ്ങിത്തരികയും ചെയ്തു. ഒരു അഞ്ച് ദിവസം കൊണ്ട് ഫസ്റ്ര് ഹാഫ് എഴുതുകയും അത് വായിച്ചുനോക്കാതെ തന്നെ ബാക്കിയെഴുതാന്‍ പറയുകയും ചെയ്തു.
അദ്ദേഹം വായിച്ചില്ലെന്നാണ് പിന്നീട് പറഞ്ഞത്. ആദ്യത്തെ രണ്ടോ മൂന്നോ സീന്‍ വായിച്ചപ്പോള്‍ തന്നെ പുള്ളി ഹാപ്പിയായി. അവന് കൊണ്ടുവന്നപ്പോള്‍ ഞാന്‍ വായിച്ചില്ല. എനിക്കല്ലാതെ തന്നെ മനസിലായി എന്ന് പറഞ്ഞു. അത് വലിയ ആത്മവിശ്വാസമല്ലേ? തന്മാത്ര കാഴ്ചയെക്കാളും കോംപ്ളിക്കേറ്റഡ് ആയ തിരക്കഥയാണ്. കാഴ്ച എഴുതിയത് കൊണ്ടുമാത്രമാണ് തന്മാത്ര എഴുതാന്‍ പറ്റിയത്’- ബ്ളെസി പറഞ്ഞു.
ബ്ളെസിയുടെ ആദ്യ ചിത്രമായ കാഴ്ച 2004ലാണ് പുറത്തിറങ്ങിയത്. ബ്ളെസി തന്നെയായിരുന്നു രചനയും സംവിധാനവും നിര്‍വഹിച്ചത്. മമ്മൂട്ടി, പത്മപ്രിയ, യഷ്, സനുഷ, ഇന്നസെന്റ്, മനോജ് കെ ജയന്, വേണു നാഗവള്ളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.