ബംഗളൂരു: കോറമംഗലയിലെ പിജി ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മധ്യപ്രദേശ് സ്വദേശി അഭിഷേകിനെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ബംഗളൂരു പൊലീസ് പിടികൂടിയത്. ജൂലൈ 23ന് രാത്രിയായിരുന്നു യുവാവ് ബിഹാര്‍ സ്വദേശിനിയായ കൃതി കുമാരി (24) യെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
ഹോസ്റ്റലിലെ കെയര്‍ ടേക്കര്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തു പോയ തക്കം നോക്കിയാണ് പ്രതിയായ അഭിഷേക് അകത്തു കയറയിത്. മൂന്നാം നിലയിലെ മുറിക്ക് സമീപത്തു വച്ച് യുവാവും കൃതിയുമായി പിടിവലി നടന്നു. ഇതിനു പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം. രക്തം വാര്‍ന്ന് നിലത്തു വീണ കൃതിയുടെ നിലവിളി കേട്ടാണ് മറ്റു മുറികളിലുണ്ടായിരുന്നവര്‍ സംഭവമറിയുന്നത്. ഇവര്‍ ഉടനെ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൃതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് കൃതി കോറമംഗലയിലെ വിആര്‍ ലേഔട്ടിലുള്ള പിജിയില്‍ എത്തിയത്. പ്രതിയായ അഭിഷേകും കൊല്ലപ്പെട്ട കൃതിയുടെ മുറിയില്‍ മുന്‍പ് താമസിച്ചിരുന്ന യുവതിയും തമ്മില്‍ പ്രണയ ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. ഈ ബന്ധം വേര്‍പ്പെട്ടതിന് പിന്നില്‍ കൃതിയാണെന്ന് അഭിഷേക് കരുതിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൃതിയുടെ പുതിയ താമസ സ്ഥലത്തെത്തി അഭിഷേക് കൊലപാതകം നടത്തിയത്.
സ്വകാര്യ ഐടി കമ്പനിയിലെ ജോലിക്കാരിയാണ് കൊല്ലപ്പെട്ട കൃതിയെന്ന് പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) വകുപ്പ് 103 പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍നിന്ന് പിടിയിലായ പ്രതിയെ ഉടന്‍ ബംഗളൂരുവില്‍ എത്തിക്കും.