തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തിയ നടപടി സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കും. സി.പി.എം നിര്‍ദേശപ്രകാരമാണ് പുനരാലോചന. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരക്ക് വര്‍ധന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടയ്ക്കാന്‍ വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധനവും ചര്‍ച്ചയ്ക്ക് വന്നത്. കെട്ടിട നിര്‍മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയില്‍ വലിയ വര്‍ധനവായിരുന്നു സംസ്ഥാന സര്‍ക്കാര്‍ 2023 ഏപ്രിലില്‍ വരുത്തിയത്.
അപേക്ഷാ ഫീസ് 50 രൂപയില്‍നിന്ന് 1000 രൂപയാക്കുകയും പെര്‍മിറ്റ് ഫീസ് പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍നിന്ന് 7500 ആക്കുകയും ചെയ്തിരുന്നു. വലിയ വീടുകള്‍ക്ക് 1750 രൂപയില്‍ നിന്ന് 25,000 രൂപയായും കൂട്ടി. നഗര മേഖലയിലും സമാനമായ രീതിയില്‍ വലിയ വര്‍ധനവുണ്ടായി.
സാധാരണക്കാരായ ജനങ്ങള്‍ക്ക് നിലവില്‍ നല്‍കേണ്ടി വന്നിരുന്നതിനേക്കാള്‍ 100 ശതമാനം അധികം പൈസയാണ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ചെലവായത്. ദീര്‍ഘകാലമായി വര്‍ധന വരുത്തിയിട്ടില്ല എന്ന വാദം ഉയര്‍ത്തിയായിരുന്നു സര്‍ക്കാര്‍ ഇതിനെ നേരിട്ടത്.
എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി സി.പി.എമ്മിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ വരുത്തിയ വര്‍ധനവ് എങ്ങനെ കുറയ്ക്കാം എന്ന ആലോചനയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്നത്. നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തലത്തിലെ തീരുമാനം വേഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.