തിരുവനന്തപുരം: ആമയിഴഞ്ചാല്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടഞ്ഞില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സ്വകാര്യ സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യം തടഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് സര്‍ക്കിളിലുള്ള ഉദ്യോഗസ്ഥന്‍ കെ ഗണേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥന്‍ മനപൂര്‍വമായ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍.
ആമയിഴഞ്ചാല്‍ അപകടവുമായി ബന്ധപ്പെട്ട് തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മാലിന്യം സംസ്‌കരണത്തിന് സ്ഥാപനങ്ങള്‍ എന്തെല്ലാം നടപടിയാണ് സ്വീകരിക്കുന്നതടക്കമുള്ളത് അറിയിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനം ആമയിഴഞ്ചാല്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുന്നു എന്ന് പിന്നീട് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥന്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.