കേരളത്തില്‍ ഇനിയൊരു എയര്‍പോര്‍ട്ടിന്റെ ആവശ്യമില്ലെന്ന് സിയാൽ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ കുര്യന് ഐ.എ.എസ്. തിരുവനന്തപുരം- കൊച്ചി വിമാനത്താവളങ്ങള്‍ക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്ന എരുമേലിയില്‍ ഇനിയൊരു വിമാനത്താവളം കൂടി പണിയുന്നത് ശുദ്ധമണ്ടത്തരമാണ്.
കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ അവസ്ഥ മനസിലാക്കണം. കണ്ണൂര്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കുതിക്കുകയാണ്. മികച്ച രീതിയില്‍ വളരാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും കണ്ണൂര്‍ വിമാനത്താവളത്തിന് സംഭവിച്ച അവസ്ഥ ആഴത്തില്‍ പഠിക്കണമെന്നും കുര്യന് മുന്നറിയിപ്പ് നല്കുന്നു.
നിര്‍ദ്ദിഷ്ട എരുമേലി വിമാനത്താവളത്തിന് പ്രസക്തി ഇല്ലെന്ന് തുറന്നടിച്ച അദ്ദേഹം 20 വര്‍ഷത്തിലധികം കൊച്ചി അന്താരാഷ്ട വിമാനത്താവളം എംഡിയായിരുന്നു.
‘എന്റെ സര്‍വീസ് കാലയളവില്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പം ജോലി ചെയ്തതാണ് ഏറ്റവും ആസ്വാദ്യകരമായിരുന്നത്. അത്രമാത്രം കരിസ്മാറ്റിക് ആയിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഇത്ര ബുദ്ധിശാലിയും അപാര ഓര്‍മ്മ ശക്തിയുമുള്ള ഒരു നേതാവും, മുഖ്യമന്ത്രിയും കേരളത്തില്‍ ഉണ്ടായിട്ടില്ല. സ്വന്തം അനുഭവത്തില്‍ നിന്നാണിത് പറയുന്നത്.
അദ്ദേഹത്തിന്റെ പ്രായോഗിക ബുദ്ധിയുടേയും അനുഭവസമ്പത്തിന്റേയും പകുതി പോലും താനുള്‍പ്പടെയുള്ള ഐഎഎസുകാര്‍ക്കില്ല. എല്ലാവര്ക്കും വ്യത്യസ്ത രാഷ്ട്രീയ ചായ്വുകളും നിലപാടും ഉണ്ടാവാം. എന്നാല്‍ വ്യക്തി എന്ന നിലയില്‍ പെട്ടെന്ന് തീരുമാനമെടുക്കാനും, ബുദ്ധിപൂര്‍വ്വം നടപ്പാക്കാനുമുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോരുത്തരേയും ഏല്‍പ്പിച്ച ചുമതലകളെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ അദ്ദേഹം ഓര്‍മ്മിപ്പിക്കുമായിരുന്നു.’
വി.ജെ കുര്യന് പറയുന്നു.
‘ കൊച്ചി വിമാനത്താവളത്തില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കാനുള്ള പ്രോജക്റ്റുമായി 2013 ൽ അദ്ദേഹത്തെ സമീപിച്ചു. അക്കാലത്ത് സോളാര്‍ വിഷയം കത്തിനില്‍ക്കുകയാണ്. അതുകൊണ്ട് തെല്ലൊരു ആശങ്കയോടെയാണ് അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ‘അതൊക്കെ രാഷ്ട്രീയമാണ്’ എന്നായിരുന്നു.
വീണ്ടും ഇത്തരമൊരു പദ്ധതി നടപ്പാക്കിയാല്‍ ആരോപണങ്ങള്‍ ഉണ്ടാവില്ലേ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘നിങ്ങള്‍ അതേക്കുറിച്ചൊന്നും ഭാരപ്പെടേണ്ട’ എന്നായിരുന്നു മറുപടി. കൊച്ചി എയര്‍പോര്‍ട്ടിലെ സൗരോര്‍ജ്ജ പദ്ധതിയുമായി മുന്നോട്ട് പോവുക. അതാണ് ഉമ്മന്‍ ചാണ്ടി. മറ്റാര്‍ക്കും ഇങ്ങനെ ഒരു ധൈര്യം കാണില്ല.’ കുര്യന് പറയുന്നു.