നടന് ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ ‘പണ്ഡിറ്റ്’ രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.
പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍, ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ് രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു.
പുരസ്‌കാരം സ്വീകരിക്കുന്നതുപോയിട്ട് ആസിഫ് അലിയോട് സംസാരിക്കാനോ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണില്‍നിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ആസിഫ് അലിയോ രമേശ് നാരായണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.