KeralaNEWS

ഇനി പഞ്ചായത്തിലെ രണ്ട് റേഷന്‍കടകളില്‍ മാത്രം മണ്ണെണ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണം. ഇനി മുതല്‍ ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടയില്‍ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ പുറത്തിറക്കി. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ നീക്കം.

എന്നാല്‍, ഈ തീരുമാനം റേഷന്‍ കടകളെ നശിപ്പിക്കുമെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സമിതി വ്യക്തമാക്കി. റേഷന്‍ വിതരണത്തെ മൊത്തത്തില്‍ തകര്‍ക്കുന്നതാണ് ഉത്തരവ് എന്ന് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നു. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ അവിടെ നിന്ന് റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുകയും മറ്റ് റേഷന്‍ കടകളില്‍ വിതരണം കുറയുകയും ചെയ്യുമെന്ന് വ്യാപാരികള്‍ ആരോപിച്ചു. റേഷന്‍ വ്യാപാരികളുമായി കൂടിയാലോചിച്ച് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ് ആവശ്യം.

Signature-ad

നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തില്‍ ഒരിക്കല്‍ മഞ്ഞ – പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകളില്‍ നിന്ന് വാങ്ങാം. നിലവിലെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മണ്ണെണ്ണ വിതരണം സംസ്ഥാന വ്യാപകമായി ഏറ്റെടുക്കില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ സമിതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ എഐടിയുസിയും രംഗത്ത് എത്തിയിട്ടുണ്ട്. റേഷന്‍ കടകളെ രണ്ടു തട്ടില്‍ ആക്കുന്നതാണ് ഈ ഉത്തരവ് എന്ന് എഐടിയുസി ആരോപിക്കുന്നു.

 

Back to top button
error: