ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ഏവരുടെയും മനസിലേക്ക് തിരിച്ചെത്തിയ ഗാനമായിരുന്നു ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം. 1991ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’യിലെ ഈ ഗാനം അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം തരംഗമായി മാറുകയും ചെയ്തു. ഇപ്പോള്‍ ഈ ചിത്രത്തിന്റെ റി-റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വേല്‍മുരുകന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവര്‍ഗ്രീന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവര്‍ക്കും നോട്ടീസ് അയച്ചു. ഗുണ ചിത്രത്തിന്റെ പകര്‍പ്പവകാശം, വിതരണം, പ്രദര്‍ശനം എന്നിവ രത്‌നം എന്ന വ്യക്തിയ്ക്കാണ് ലഭിച്ചതെന്നും, പിന്നീട് രത്‌നത്തില്‍നിന്ന് താന്‍ ഇത് വാങ്ങിയിരുന്നുവെന്നുമാണ് ഘനശ്യാം ഹേംദേവ് കോടതിയെ അറിയിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ ചിത്രം റിറീലീസിനൊരുങ്ങുന്നതറിഞ്ഞ് താന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചിരുന്നെന്നും എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെ ചിത്രം ജൂലൈ 5ന് റിലീസ് ചെയ്‌തെന്നും ഘനശ്യാം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ പ്രതികള്‍ പകര്‍പ്പവകാശ ലംഘനം നടത്തിയെന്ന ആരോപണം കോടതി ശരിവയ്ക്കുകയായിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഗുണ ചിത്രം റിലീസ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് ജൂലൈ 22ന് വീണ്ടും പരിഗണിക്കും.