‘തുണിമണി’യടക്കം 10 ലക്ഷത്തിന്റെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു; വിദേശത്തുനിന്ന് മടങ്ങാന്‍ സഹായംതേടി താരദമ്പതികള്‍
എട്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ സന്തോഷം മുഴുവന്‍ കെടുത്തിയ ദുരനുഭവം പറഞ്ഞ് നടന്‍ വിവേക് ദഹിയ. ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയുമൊത്തുള്ള വിദേശ സഞ്ചാരത്തിനിടെ ഫ്‌ളോറന്‍സില്‍വെച്ച് തങ്ങള്‍ കൊള്ളയടിക്കപ്പെട്ടെന്ന് വിവേക് വെളിപ്പെടുത്തി. പഴയ കുറച്ച് വസ്ത്രങ്ങളൊഴികെ എല്ലാം കള്ളന്മാര്‍ കൊണ്ടുപോയെന്നും സഹായംതേടിയപ്പോള്‍ ലോക്കല്‍ പോലീസ് കയ്യൊഴിഞ്ഞുവെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിവേക് പറഞ്ഞു.
കഴിഞ്ഞദിവസമാണ് അവധിയാഘോഷത്തിനായി വിവേകും ദിവ്യാങ്കയും ഇറ്റലിയിലെത്തിയത്. ഈയവസരത്തിലാണ് തങ്ങള്‍ക്കുനേരിട്ട ദുരനുഭവം താരദമ്പതികള്‍ വെളിപ്പെടുത്തിയത്. ഈ ഒരു സംഭവമൊഴികെ ബാക്കിയെല്ലാംകൊണ്ടും ഈ യാത്ര ഗംഭീരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഫ്‌ളോറന്‍സ് സിറ്റി ചുറ്റിക്കറങ്ങാന്‍ പദ്ധതിയിടുന്നതിനിടെയാണ് സന്തോഷമെല്ലാം കെടുത്തി, ഒരു ദുഃസ്വപ്നം പോലെ മോഷണം നടന്നതെന്നും താരം പറഞ്ഞു.
”കഴിഞ്ഞദിവസം ഫ്‌ളോറന്‍സിലെത്തി അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പദ്ധതി. സാധനങ്ങളെല്ലാം പുറത്ത് കാറില്‍വെച്ചശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടല്‍ പരിശോധിക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ കണ്ടത് കാറിന്റെ ?ഗ്ലാസ് തകര്‍ന്നുകിടക്കുന്നതായിരുന്നു. അതിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകളും വാലറ്റുകളും പണവും മറ്റു വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു. ഭാ?ഗ്യവശാല്‍ ഏതാനും പഴയ വസ്ത്രങ്ങളും കുറച്ച് ഭക്ഷണവും അവരതില്‍ ബാക്കിവെച്ചിരുന്നു” – വിവേക് ദഹിയ പറഞ്ഞു.
സംഭവം ലോക്കല്‍ പോലീസില്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. മോഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നു എന്നാണ് സഹായിക്കാതിരിക്കാന്‍ പോലീസ് പറഞ്ഞ കാരണം. അവര്‍തന്നെ എംബസിയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഓഫീസ് അടച്ചിരുന്നു. കൈയില്‍ ഒന്നുമില്ലാതിരുന്നതിനാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ താത്ക്കാലിക പാസ്‌പോര്‍ട്ടും മറ്റു സഹായങ്ങളും എംബസിയില്‍നിന്ന് എത്രയും പെട്ടന്ന് ലഭിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.