ഇടുക്കി: കൈക്കൂലി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്, ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനുള്ള സി.പി.എം നിര്‍ദേശം തള്ളി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. അടുത്തയാഴ്ച വിജിലന്‍സിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. രാജി വയ്ക്കുന്നത് താന്‍ കുറ്റസമ്മതം നടത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞ ചെയര്‍മാന്‍, ഈ സ്ഥാനത്തിരുന്നു തന്നെ നിരപരാധിത്വം തെളിയിക്കുമെന്നും വ്യക്തമാക്കി.
നഗരസഭയിലെ കൈക്കൂലി കേസില്‍ ചെയര്‍മാന്‍ രണ്ടാം പ്രതിയാണ്. അസി. എന്‍ജിനീയര്‍ക്ക് കൈക്കൂലി നല്‍കാന്‍ സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിച്ചിരുന്നോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ചെയര്‍മാന്‍ മറുപടി പറഞ്ഞില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഉള്‍പ്പെടെ കോടതിയുടെ പരിഗണനയില്‍ ഇരുക്കുന്നതിനാല്‍ അക്കാര്യത്തില്‍ പ്രതികരണമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച തന്നെ, ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന വാഗ്ദാനവുമായി എല്‍.ഡി.എഫാണ് സമീപിച്ചത്. അതിനാല്‍ സി.പി.എമ്മിന്റെയോ എല്‍.ഡി.എഫിന്റെയോ നിര്‍ദേശ പ്രകാരം രാജി വയ്‌ക്കേണ്ടതില്ലെന്നും സനീഷ് പറഞ്ഞു.
അവിശ്വാസ പ്രമേയം പോലുള്ള നടപടികളിലേക്ക് എല്‍.ഡി.എഫ് കടന്നാല്‍ തുടര്‍ നടപടികള്‍ ആലോചിക്കും. അപ്പോള്‍ ചില കാര്യങ്ങള്‍ തനിക്കും പറയേണ്ടി വരും. ചെയര്‍മാനായിരുന്ന കാലയളവില്‍ തനിക്കെതിരെ ഒരു അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ചെയര്‍മാന്‍, അഴിമതിക്കാരനായ അസി. എന്‍ജിനീയര്‍ക്കെതിരെ നടപടിയെടുക്കാന്‍ പരിമിതികളുണ്ടായിരുന്നെന്നും പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സന്റെ ചാര്‍ജ് അവസാനിക്കുന്ന 13ന് ശേഷം നഗരസഭയില്‍ തിരിച്ചെന്നുമെന്നും അദ്ദേഹം സൂചിപ്പിച്ചു.