ന്യൂഡല്‍ഹി: സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്‌നീവീര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി മുന്‍ അഗ്‌നിവീറിന്റെ കുടുംബം. 2023 ഒക്ടോബറില്‍ സിയാച്ചിനില്‍ വെച്ച് വീരമൃത്യു വരിച്ച അഗ്‌നിവീര്‍ അക്ഷയ് ഗവാതെയുടെ അച്ഛന്‍ ലക്ഷ്മണ്‍ ഗവാതെ ആണ് തങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സഹായം വ്യക്തമാക്കി രംഗത്തെത്തിയത്.
അക്ഷയ് വീരമൃത്യു വരിച്ച ശേഷം കുടുംബത്തിന് 48 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ആയി ലഭിച്ചെന്ന് ലക്ഷ്മണ്‍ ഗവാതെ അറിയിച്ചു. ഇതിനുപുറമെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 50 ലക്ഷം രൂപയും, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 10 ലക്ഷം രൂപയും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്‌നീവീര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണെന്നും അവ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും രാജ് നാഥ് സിംഗും, അമിത് ഷായും സഭയില്‍ ആവശ്യപ്പെട്ടിരുന്നു.