KeralaNEWS

വിവാദം: കോട്ടയത്തെ ആകാശപാത പൊളിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ, പണി പൂർത്തിയാക്കാൻ വേണ്ടി  ഉപവാസവുമായി  തിരുവഞ്ചൂർ രാധാകൃഷ്ണൻ

    കോട്ടയത്തെ ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ജൂലൈ 6 ന് ഉപവാസമിരിക്കുന്നു. ഒപ്പം കോൺഗ്രസിൻ്റെ രണ്ട് ബ്ലോക്ക്  കമ്മിറ്റികളും സഹനസമരത്തിൽ പങ്കെടുക്കും.

ആകാശപാതയുടെ നിർമാണം ഈ ഗവണ്മെൻ്റ് മുടക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. കോട്ടയത്തെ പദ്ധതി തുടങ്ങിയ ശേഷമാണ് തിരുവനന്തപുരത്തും തൃശൂരും 2 ആകാശപാതകൾക്ക്  അനുമതി നൽകിയതും പണി പൂർത്തിയാക്കി  ഉദ്ഘാടനം നടത്തിയതും.
കോട്ടയത്തെ ആകാശപാത പറ്റില്ല എന്ന നിലപാടെടുത്തത് സിപിഎം ആണ്. എന്തടിസ്ഥാനത്തിലാണ് അവർ അത് പറഞ്ഞത്. ഇത് ഇവിടെ നടത്തിക്കില്ലെന്ന് കുട്ടികളുടെ പിടിവാശിയോടെയാണ് ചിലർ സംസാരിക്കുന്നത്. അതു ശരിയല്ല.  ഇത് കോട്ടയം ജനതയുടെ അഭിമാനമാണ്. ഇവിടുത്തുകാരുടെ  ഏറ്റവും വലിയ പ്രതീക്ഷയാണിതെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

Signature-ad

ആകാശപാതയെക്കുറിപ്പ് മന്ത്രി ഗണേഷ് കുമാർ നടത്തിയ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണ്. അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിൻ്റേതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ഇത്രയും വാചാലമായി സംസാരിച്ച മന്ത്രി കോട്ടയത്ത് വന്ന് ഇതൊന്ന് കാണുക പോലും ചെയ്തില്ല. അദ്ദേഹം പറഞ്ഞത് ബിനാലെ ആണെന്നാണ്. ഒരു സമൂഹത്തെ അങ്ങനെ ആക്ഷേപിക്കാമോ? കോട്ടയത്തുകാർ  അഭിമാനബോധമില്ലാത്തവരാണോ?

ഈ പദ്ധതി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകണം എന്നാണ് നിയമസഭയിൽ തിരുവഞ്ചൂർ  ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെ എതിർക്കുകയായിരുന്നു മന്ത്രി ഗണേഷ് കുമാർ. കൊച്ചിയിലെ ബിനാലെയ്ക്ക് സമാനമായ ചില രൂപങ്ങൾ കോട്ടയം നഗരത്തിൽ സ്ഥാപിച്ചിരിക്കുന്നു എന്നാണ് ആകാശപാതയെ പരിഹസിച്ച് ഗണേഷ് കുമാർ പറഞ്ഞത്. ഇതിനെതിരെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇപ്പോൾ രംഗത്തെത്തിയതും ആകാശപാതയുടെ പൂർത്തീകരണത്തിനായി സമരമിരിക്കാൻ തീരുമാനിച്ചതും.

Back to top button
error: