KeralaNEWS

തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം; ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം തേടി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിക്ക് പാര്‍ട്ടിയുടെ കുരുക്ക്. കരമന ഹരിയോട് സിപിഎം വിശദീകരണം തേടി. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തില്‍ ഹരിയുടെ പരാമര്‍ശം. മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തില്‍ തന്നെ എം.സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍, പേര് പറയാന്‍ ഹരി തയാറായില്ല. തുടര്‍ന്നാണ് ആരോപണത്തില്‍ വിശദീകരണം തേടിയത്.

കരമന ഹരിയുടെ പരാമര്‍ശം പരിശോധിക്കുമെന്നും എം.സ്വരാജ് വ്യക്തമാക്കി. ഇന്നലത്തെ കമ്മിറ്റിയില്‍ ഹരി പങ്കെടുത്തിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവിധ ബോര്‍ഡുകളിലടക്കം അംഗമായ ഹരി തിരുവനന്തപുരം നഗരത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തരില്‍ ഒരാളാണ്. നഗരസഭ മുന്‍ കൗണ്‍സിലറുമായ ഹരി മുഖ്യമന്ത്രിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്.

Signature-ad

മാസപ്പടി ആക്ഷേപത്തില്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കള്‍ക്കെതിരായ ആക്ഷേപങ്ങളില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. അങ്ങനെ ചെയ്താല്‍ എന്തായിരുന്നു കുഴപ്പമെന്നും ജില്ലാ കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു.

സ്പീക്കര്‍ എ.എന്‍.ഷംസീറിനു തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. നഗരസഭയ്‌ക്കെതിരെയും മേയര്‍ ആര്യ രാജേന്ദ്രനെതിരെയും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Back to top button
error: