പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലി സി.പി.എം തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ തര്‍ക്കം. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തര്‍ക്കമുണ്ടായത്. സജിമോനെ തിരിച്ചെടുത്ത പാര്‍ട്ടി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ സജിമോനും പങ്കെടുക്കാന്‍ എത്തിയതാണ് തര്‍ക്കത്തില്‍ കലാശിച്ചത്.
ഇയാളെ യോഗത്തില്‍നിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ എന്ന് ഒരു വിഭാഗം വദിച്ചു. തര്‍ക്കത്തിനൊടുവില്‍ സജിമോനെ യോഗത്തില്‍നിന്ന് ഇറക്കിവിട്ടു.
പങ്കെടുത്തതില്‍ ഭൂരിഭാഗം അംഗങ്ങളും സജിമോനെ തിരിച്ചെടുക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തി. സജിമോന്റെ പുറത്താക്കല്‍ നടപടി കണ്ട്രോള് കമ്മീഷന് റദ്ദാക്കിയതിന് പിന്നാലെ തിരുവല്ല ഏരിയ കമ്മിറ്റി, ബ്രാഞ്ച് സെക്രട്ടറിയായും ലോക്കല്‍ കമ്മിറ്റി അംഗമായും സജിമോനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2023ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ, തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെതായിരുന്നു പുറത്താക്കല്‍ നടപടി. വിവാഹിതയായ സ്ത്രീയെ 2017ല്‍ ഗര്‍ഭിണിയാക്കി, കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ നടന്ന ഡി.എന്‍.എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ചു, 2021ല്‍ വനിതാ നേതാവിന് ലഹരി മരുന്നു നല്കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്നീ കേസുകളിലാണ് സജിമോന്‍ പ്രതിയായത്.
കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. മുമ്പ് അന്വേഷണ വിധേയമായി സസ്പെന്ഷന് നേരിട്ടിരുന്നതിനാല്‍ ഒരു തെറ്റില്‍ രണ്ടു നടപടി വേണ്ടെന്ന് പാര്‍ട്ടി കണ്ട്രോള് കമ്മീഷന് തീരുമാനിക്കുകയായിരുന്നു.