ആലപ്പുഴ: ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കോയമ്പത്തൂര്‍ രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാര്‍ട്ടുമെന്റില്‍ ‘ആഷ്ടണ്‍ മൊണ്ടീറോ’ എന്നുവിളിക്കുന്ന ആര്‍. മധുസൂദനന്‍ (42) ആണ് അറസ്റ്റിലായത്. ബംഗളൂരു ഉദയനഗറില്‍നിന്ന് നൂറനാട് എസ്.എച്ച്.ഒ: ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
കേരളത്തിലുടനീളം നാല്‍പ്പതിലധികം ഉദ്യോഗാര്‍ഥികളില്‍നിന്നായി കോടിക്കണക്കിനു രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ഓസ്ട്രേലിയയിലെ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍മാരായി ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. 2023-ല്‍ ഇയാള്‍ അങ്കമാലി കേന്ദ്രീകരിച്ചാണ് തട്ടിപ്പുതുടങ്ങിയത്.
ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ടായിരുന്ന ഇയാള്‍ അവിടെ ക്ലാസെടുത്തിരുന്നു. സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍മാര്‍ക്ക് ആകര്‍ഷകമായ ജോലിയും ശമ്പളവും ഓസ്ട്രേലിയയില്‍ പെര്‍മനന്റ് വിസയുമായിരുന്നു വാഗ്ദാനം. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പഞ്ചനക്ഷത്രഹോട്ടലുകളില്‍വെച്ച് അഭിമുഖവും നടത്തി. ഇയാള്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന ഓസ്ട്രേലിയന്‍ പൗരനാണെന്നു പറഞ്ഞാണ് ഉദ്യോഗാര്‍ഥികളെ പരിചയപ്പെട്ടത്. കൂട്ടാളികള്‍ ബോസ് എന്നാണ് വിളിച്ചിരുന്നത്.
വിസ പ്രോസസിങ്ങിനായി നാല്‍പ്പതിലധികം യുവതീയുവാക്കളാണ് ഏഴു ലക്ഷം രൂപ വീതം ഇവര്‍ നല്‍കിയ അക്കൗണ്ടിലേക്ക് നല്‍കിയത് പണം കിട്ടിയശേഷം ഇയാളും സംഘവും മുങ്ങി. ഉദ്യോഗാര്‍ഥികളുടെ പരാതികളില്‍ അങ്കമാലി, കാലടി, നെടുമ്പാശ്ശേരി, തൃശ്ശൂര്‍ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, നൂറനാട് പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. നൂറനാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കൂട്ടുപ്രതിയായ ചാലക്കുടി സ്വദേശി വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. ഇരുവര്‍ക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. മധുസൂദനന്‍ എന്ന പേരില്‍ വ്യത്യസ്ത വിലാസങ്ങളിലുള്ള മൂന്ന് ആധാര്‍ കാര്‍ഡുകളും ആഷ്ടണ്‍ മൊണ്ടീറോ എന്ന പേരിലുള്ള പാസ്പോര്‍ട്ടും കണ്ടെടുത്തു. തട്ടിയെടുത്ത പണമുപയോഗിച്ച് തായ്ലന്‍ഡ്, മലേഷ്യ, ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ ഉല്ലാസകേന്ദ്രങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നു ഇയാള്‍. മലയാളിയായ ഇയാള്‍ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. മലയാളം കൂടാതെ 15 ഭാഷകളും വശമുണ്ട്. മാവേലിക്കര കോടതി പ്രതിയെ റിമാന്‍ഡുചെയ്തു.