തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്നാണ് ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒ.ആര്.കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നില്‍ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
അപ്രതീക്ഷിതമായാണ് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ കാറിനു മുന്നിലേക്ക് ചാടി വീണത്. കാറിനു മുന്നില്‍ കരിങ്കൊടി കാട്ടി. പൊലീസ് കരിങ്കൊടി മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡില്‍ കിടന്നു. പ്രവര്‍ത്തകര്‍ തന്നെ സ്വയം മാറി രണ്ടുവശത്തേക്ക് നിന്നതുകൊണ്ടാണ് മന്ത്രിയ്ക്ക് കടന്നുപോകാനായത്.
പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. മതിയായ പൊലീസ് സുരക്ഷ മന്ത്രിയ്ക്കുണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരടക്കം പുറത്തേക്ക് വന്നു. പൊലീസ് സുരക്ഷയെപ്പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ പറയണോ നിങ്ങള്‍ തന്നെ കണ്ടതല്ലേ എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.