കൊച്ചി: കാറില്‍ കുളമൊരുക്കി യാത്രചെയ്ത വ്ളോഗറുടെ വീഡിയോകള്‍ യൂട്യൂബ് നീക്കി. മോട്ടോര്‍വാഹനനിയമങ്ങള്‍ ലംഘിച്ച് വ്ളോഗറായ കലവൂര്‍ സ്വദേശി ടി.എസ്. സജു (28) അപ്ലോഡ് ചെയ്ത എട്ടു വീഡിയോകളാണു നീക്കിയത്. സംസ്ഥാന ഗതാഗത കമ്മിഷണര്‍, ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. എന്നിവര്‍ രേഖകള്‍സഹിതം യുട്യൂബിനു കത്തുനല്‍കിയതിനെത്തുടര്‍ന്നാണു നടപടി.
നിയമലംഘനങ്ങള്‍ നടത്തുന്ന 12 വീഡിയോകള്‍ നീക്കണമെന്നാണ് യൂട്യൂബിനോട് ആവശ്യപ്പെട്ടത്. എട്ടെണ്ണം നീക്കിയെങ്കിലും ബാക്കിയുള്ളവയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇനി, നിയമലംഘന വീഡിയോകള്‍ അപ്ലോഡ് ചെയ്യരുതെന്ന് യൂട്യൂബ് സജുവിനോടു നിര്‍ദേശിച്ചിട്ടുണ്ട്. കാറിലെ കുളത്തില്‍ സജുവും സുഹൃത്തുക്കളും യാത്രചെയ്യുന്ന വീഡിയോ ഇട്ടതിനാലാണ് എം.വി.ഡി. നടപടി തുടങ്ങിയത്.
പണത്തിനായി ഇയാള്‍ ചാനലിലൂടെ തുടര്‍ച്ചയായി ഗതാഗതനിയമലംഘനം നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായാണു കണ്ടെത്തിയത്. നടപടികളുടെ ഭാഗമായി ഇയാളുടെ ലൈസന്‍സ് ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ. ആജീവനാന്തം റദ്ദാക്കിയിരുന്നു. കുളമാക്കിയ കാറിന്റെ ആര്‍.സിയും കാറോടിച്ച സുഹൃത്തിന്റെ ലൈസന്‍സും ഒരുവര്‍ഷത്തേക്കു സസ്പെന്‍ഡു ചെയ്തിരുന്നു.
കാറില്‍ സ്വിമ്മിങ് പൂള്‍ നിര്‍മിച്ച് പൊതുനിരത്തില്‍ വാഹനവുമായി ഇറങ്ങുകയും ഇത് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും നിലപാട് എടുത്തിരുന്നു. ഇതോടെയാണ് ഇയാളുടെ നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധിതരായത്.
മോട്ടോര്‍ വാഹനവകുപ്പ് ആജീവനാന്തം ലൈസന്‍സ് റദ്ദാക്കിയെങ്കിലും, സഞ്ജുവിന് കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ കോടതിയില്‍ പോയി റദ്ദാക്കല്‍ കാലവധിയില്‍ ഇളവ് തേടാനുള്ള സാധ്യതയുണ്ട്. നിലവിലെ നടപടി അനുസരിച്ച് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട്. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട. പഴയ കാലമല്ലെന്നാണ് മന്ത്രി ഗണേഷ് കുമാര്‍ നല്‍കിയ മുന്നറിയിപ്പ്.
ആദ്യഘട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടികളെ പരിഹസിച്ചും ലാഘവത്തോടെ എടുത്തുമായിരുന്നു സഞ്ജുവിന്റെ പ്രതികരണം. പത്ത് ലക്ഷം രൂപ മുടക്കിയാല്‍ പോലും കിട്ടാത്ത റീച്ചാണ് തന്റെ ചാനലിന് മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലൂടെ ലഭിച്ചതെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം. ഇതിനുപിന്നാലെയാണ് എടപ്പാളിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ക്ലാസിലും ആശുപത്രി സേവനം ഉള്‍പ്പെടെയുള്ള കാര്യത്തിന് അയാളെ മോട്ടോര്‍ വാഹനവകുപ്പ് അയച്ചതും.