ബംഗളൂരു: സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നട നടന് ദര്ശന് തൊഗുദീപയുടെ മാനേജര്‍ ശ്രീധറെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒറ്റപ്പെടല്‍ കാരണം ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്റെ പ്രിയപ്പെട്ടവരെ ഈ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ശ്രീധര്‍ പറയുന്ന വിഡിയോ സന്ദേശവും പൊലീസിനു ലഭിച്ചു. ശ്രീധര്‍ മരിച്ചതോടെ, ദര്ശന് ഉള്‍പ്പെട്ട കൊലപാതക കേസുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.
സുഹൃത്തും നടിയുമായ പവിത്ര ഗൗഡയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ദര്ശന് അറസ്റ്റിലായിരുന്നു. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. സംഭവത്തില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പവിത്രയെയും അറസ്റ്റു ചെയ്തിരുന്നു. ദര്ശന് ഏര്‍പ്പെടുത്തിയ സംഘം ക്രൂരമര്‍ദനത്തിനുശേഷം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയത്.
ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലില്‍നിന്നാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. 2011ല്‍ ഭാര്യ നല്കിയ ഗാര്‍ഹിക പീഡന കേസില്‍ ദര്ശന് അറസ്റ്റിലായിരുന്നു.