CrimeNEWS

ഓര്‍ക്കാട്ടേരി സ്ത്രീധന പീഡന മരണം; കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍തൃ വീട്ടുകാരുടെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2023 ഡിസംബര്‍ നാലിനാണ് നെല്ലാച്ചേരി ഹബീബിന്റെ ഭാര്യ ഷബ്‌നയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടിലെ മാനസികവും ശാരീരികവുമായ പീഡനമാണ് ഷബ്‌നയുടെ ആത്മഹത്യക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫാണ് ഒന്നാം പ്രതി.

Signature-ad

ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഇല്ലത്ത് താഴകുനി നബീസ, മുഹമ്മദ്, ഭര്‍തൃ സഹോദരി ഓര്‍ക്കാട്ടേരി കല്ലേരി അഫ്‌സത്ത് എന്നിവരാണ് മറ്റ് പ്രതികള്‍.

‘120 പവന്‍ സ്വര്‍ണാഭരണം നല്‍കിയാണ് ഷബ്‌നയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഭര്‍തൃ വീട്ടില്‍ നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. പിന്നീട് സ്വന്തം വീട്ടിലേക്ക് പോയ ഷബ്നയും ഭര്‍ത്താവും മറ്റൊരു വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി തന്റെ സ്വര്‍ണാഭരണം തിരികെ വാങ്ങാന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ ഷബ്‌നയെ ഒന്നാം പ്രതി ഹനീഫ മര്‍ദിച്ചു.’ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഷബ്നയുടെ ഫോണ്‍ ഹനീഫ അടിച്ച് തെറിപ്പിച്ചതായി കുറ്റപത്രത്തിലുണ്ട്. 78 പേജുള്ളതാണ് കുറ്റപത്രം. 38 സാക്ഷികളുമുണ്ട്. ഷബ്‌നയെ മര്‍ദിക്കുന്നതുള്‍പ്പെടെയുള്ള വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി സമര്‍പ്പിച്ചു. എടച്ചേരി എസ്.ഐ കിരണ്‍ ആദ്യ ഘട്ടത്തില്‍ അന്വേഷിച്ച കേസ് പിന്നീട് വടകര ഡി.വൈ.എസ്.പി.ക്ക് കൈമാറിയിരുന്നു.

 

Back to top button
error: