KeralaNEWS

കാമുകന്‍ കൈയൊഴിഞ്ഞു കടന്നുകളഞ്ഞു; മാന്‍വെട്ടത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ യുവതി കുഴഞ്ഞുവീണു

കോട്ടയം: യുവതിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉപേക്ഷിച്ചു കാമുകന്‍ കടന്നുകളഞ്ഞു. അവശനിലയിലായി കുഴഞ്ഞുവീണ യുവതിയെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഞ്ഞൂര്‍ മാന്‍വെട്ടത്ത് ഇന്നലെ വൈകുന്നേരമാണു സംഭവം. ഉച്ചയോടെ മാന്‍വെട്ടം ജംക്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ യുവതിയും യുവാവും എത്തി. ഇരുവരും തമ്മില്‍ സംസാരിച്ചിരിക്കുന്നതു നാട്ടുകാര്‍ കണ്ടിരുന്നു.

ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും യുവാവ് യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. യുവതി കരഞ്ഞുകൊണ്ട് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്നതു കണ്ടു നാട്ടുകാരില്‍ ചിലര്‍ യുവതിയോട് കാര്യം അന്വേഷിച്ചെങ്കിലും യുവതി സംസാരിച്ചില്ല. തുടര്‍ന്നാണു നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ഇതിനിടയില്‍ യുവതി കുഴഞ്ഞുവീണു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞീഴൂരുള്ള യുവതിയുടെ അമ്മയെ പൊലീസ് വിളിച്ച് ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടര്‍ന്നു പൊലീസ് യുവതിയെ സമീപ പഞ്ചായത്തിലെ അഭയകേന്ദ്രത്തിലാക്കി.

Signature-ad

കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണു പത്തനംതിട്ട സ്വദേശിയായ യുവാവിനൊപ്പം പോയതെന്നു പൊലീസ് പറഞ്ഞു. യുവാവിനെയും പൊലീസ് ബന്ധപ്പെട്ടു. യുവതിയില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇന്നു തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

 

 

Back to top button
error: