IndiaNEWS

ഓണ്‍ലൈന്‍ പേയ്മെന്റ് രംഗം പിടിച്ചടക്കാന്‍ അംബാനിയും? പേടിഎമ്മിനും ഫോണ്‍പേയ്ക്കുമെല്ലാം വെല്ലുവിളിയാകും

രാജ്യത്തെ നിലവിലെ ഏറ്റവും വലിയ സമ്പന്നനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി. 67കാരനായ അംബാനിയാണ് ഏഷ്യയിലെയും ഏറ്റവും വലിയ ശതകോടീശ്വരന്‍. 9,63,900 കോടി ആസ്തിയുള്ള അംബാനിയുടെ പുതിയ പദ്ധതി ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റല്‍ പേയ്മെന്റ് മേഖലയില്‍ തങ്ങളുടെ സജീവ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ പോകുകയാണ് അംബാനി. ഇതിനായി ജിയോ ഫിനാന്‍സ് എന്ന യുപിഐ പേമെന്റ് പ്‌ളാറ്റ്‌ഫോം വഴി നിലവില്‍ രാജ്യത്തെ വന്‍കിട യുപിഐ ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പെ, പേടിഎം എന്നിവക്കെല്ലാം വലിയ ഭീഷണിയാകാന്‍ തയ്യാറെടുക്കുകയാണ്.

മറ്റ് സമാന ആപ്പുകള്‍ക്കില്ലാത്ത പലതരം പേമെന്റ് സംവിധാനങ്ങള്‍ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഡിജിറ്റല്‍ ബാങ്കിംഗ്, യുപിഐ പേമെന്റ്, ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ് ഇങ്ങനെ പലവിധ സേവനങ്ങളാണ് ഒരുമിച്ച് ലഭിക്കുക. ഫിനാന്‍ഷ്യല്‍-ഡിജിറ്റല്‍ സേവനങ്ങള്‍ ഒറ്റ ക്‌ളിക്കില്‍ ലഭിക്കുന്ന ഒരുഗ്രന്‍ ബാങ്കിംഗ് ആപ്പാണ് ജിയോ ഫിനാന്‍സ്. നിലവിലെ പരീക്ഷണ ഘട്ടം കഴിഞ്ഞാല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ക്കറ്റ് വിപുലീകരണത്തിന്റെ ഭാഗമായിത്തന്നെയാണ് ജിയോ തങ്ങളുടെ ആപ്പ് യുപിഐയടക്കം സേവനങ്ങള്‍ നല്‍കി വികസിപ്പിക്കുന്നത്. പേടിഎമ്മിന്റെ സൗണ്ട്ബോക്സ് പോലെ ജിയോയുടെ സൗണ്ട്‌ബോക്സും ഇനി രാജ്യത്തെ റീടെയില്‍ കടകളില്‍ വ്യാപകമാക്കാന്‍ തന്നെയാണ് ജിയോയുടെ പദ്ധതി.

Signature-ad

2016 ഏപ്രില്‍ 11നാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് എന്ന യുപിഐ രാജ്യത്ത് നിലവില്‍ വന്നത്. റിസര്‍വ് ബാങ്ക് നിയമപ്രകാരം നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആണ് ഇത് നടപ്പിലാക്കിയത്.എട്ടുകൊല്ലം കൊണ്ട് വളരെയധികം ജനകീയമായ പേയ്മെന്റ് രീതിയായി അത് മാറി. റീട്ടെയില്‍ മേഖലയില്‍ 2023 മുതല്‍ 28 വരെ 98 ശതമാനം ഇടപാടും യുപിഐ ആകുമെന്നാണ് കരുതുന്നത്. യുപിഐ ഐഡി വഴിയോ അതിലെ ക്യുആര്‍ കോഡ് വഴിയോ ആണ് ഫോണില്‍ യുപിഐ പ്രവര്‍ത്തിക്കുക.

സാമ്പത്തിക ഇടപാടുകളുടെ സുഗമമായ വര്‍ദ്ധനയും പരമാവധി ആളുകളിലേക്ക് സാമ്പത്തിക സേവനം രാജ്യത്ത് എത്തിക്കുക എന്നിവയെല്ലാം ഇത്തരത്തില്‍ യുപിഐ വഴി സാധിക്കും.

ഇകൊമേഴ്‌സ്, യുപിഐ പേയ്മെന്റ്, ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലേക്ക് കടക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് രാജ്യത്തെ മറ്റൊരു ശതകോടീശ്വരനായ ഗൗതം അദാനിയും. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന പബ്ലിക്ക് ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) പ്രവര്‍ത്തിക്കാന്‍ ലൈസന്‍സിനായുള്ള അപേക്ഷയ്ക്കാണ് അദാനി ഒരുങ്ങുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ബിസിനസിലേക്ക് കടക്കുന്നതോടെ ഡിജിറ്റല്‍ പെയ്മെന്റ് ശൃഖലയിലെ ഭീമന്‍ന്മാരായ ഗൂഗിള്‍ പേയോടും മുകേഷ് അംബാനിയുടെ ജിയോ പേയോടും ഏറ്റുമുട്ടാനാണ് അദാനി രംഗത്തുണ്ടാകും.

Back to top button
error: