ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി 3-ാം തവന്നയും അധികാരമേറ്റു. രാഷ്ട്രപതിഭവന് അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. അധികാരമേറ്റത് 72 അംഗ മന്ത്രിസഭയാണ്. കേരളത്തിന്റെ പ്രതിനിധിയായി സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സഹമന്ത്രിമാരുടെ വിഭാഗത്തിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ. 52-മനായി എത്തിയ സുരേഷ് ഗോപി ഇംഗ്ലിഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ജോർജ് കുര്യൻ 70-ാമനായാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.
പ്രധാനമന്ത്രിയെ കൂടാതെ 30 കാബിനറ്റ് മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 5 പേർക്ക് സ്വതന്ത്ര ചുമതലയുണ്ട്. 36 പേർ സഹമന്ത്രിമാർ. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്കെത്തിയത്.
നരേന്ദ്രമോദിയെ രാഷ്ട്രപതി രാത്രി 7.23ന് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന നേതാവ് രാജ്നാഥ് സിങ് 2 മതായി സത്യപ്രതിജ്ഞ ചെയ്തു. 3 മതായി അമിത്ഷായും 4 മതായി നിതിൻ ഗഡ്കരിയും സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും മന്ത്രിസഭയിൽ ഇടംപിടിച്ചു.
രണ്ടാം മോദി മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ഭരിച്ച മന്ത്രിമാരെല്ലാം ഇപ്രാവശ്യവും ഇടംപിടിച്ചു. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിലെ ചില ശ്രദ്ധേയ മുഖങ്ങൾ ഇത്തവണയില്ല. സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, രാജീവ് ചന്ദ്രശേഖർ, നാരായൺ റാണെ തുടങ്ങിയവരാണ് ഇത്തവണ മന്ത്രിസഭയിൽ ഇടമില്ലാത്ത പ്രമുഖർ.