നാലരപ്പതിറ്റാണ്ടു കാലത്തെ നിസ്വാർത്ഥ പ്രവർത്തനത്തിനു ലഭിച്ച അംഗീകാരം എന്നു വേണം ജോർജ് കുര്യൻ്റെ കേന്ദ്രമന്ത്രിസഭാ പ്രവേശനത്തെ വിശേഷിപ്പിക്കാൻ. കേരളത്തില്‍ നിന്നും മോദിയുടെ മൂന്നാം മന്ത്രിസഭയിലേക്ക് സർപ്രൈസ് എൻട്രി ലഭിച്ച അഡ്വ. ജോർജ് കുര്യൻ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനു ശേഷം കേരളത്തിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും നരേന്ദ്രമോദി മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ഇദ്ദേഹം.
കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിലുള്ള ഒരു നേതാവിന് കൂടി കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കും എന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജോർജ് കുര്യൻ്റെ പേര് ഉയർന്നുകേട്ടില്ല. എന്നാല്‍ ഒടുവില്‍, സീറോ മലബാർ സഭാംഗം കൂടിയായ ജോർജ് കുര്യനെ ബിജെപി ദേശീയ നേതൃത്വം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയായ ജോർജ് കുര്യൻ 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. ദേശീയതയുടെ ആദർശങ്ങളിൽ ആകർഷിക്കപ്പെടാൻ നിമിത്തമായത് ഏറ്റുമാനൂർ രാധാകൃഷ്ണനാണ്. വെങ്കയ്യ നായിഡു, പ്രമോദ് മഹാജൻ, ഗോവിന്ദാചാര്യ തുടങ്ങിയ തീപ്പൊരികള്‍ യുവജനപ്രസ്ഥാനം നയിച്ചപ്പോള്‍ സംസ്ഥാന നേതൃത്വത്തിലെത്തിയ കുര്യൻ 1980ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ മുതല്‍ സംഘടനക്കൊപ്പമുണ്ട്. ബി.എസ്.സി, എല്‍.എല്‍.ബി ബിരുദധാരിയായ ജോർജ് കുര്യൻ ആർട്സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഓ. രാജഗോപാല്‍ കേന്ദ്ര മന്ത്രിയായപ്പോള്‍ ഓഫീസർ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആയിരുന്നു. ഭരണനിർവഹണത്തില്‍ രാജഗോപാലിന്റെ വലം കൈ ആയിരുന്നു. അങ്ങിനെ അധികാര രാഷ്‌ട്രീയവുമായി അടുത്തു.
63 കാരനായ അദ്ദേഹം കേരളത്തിലെ ടെലിവിഷൻ സംവാദങ്ങളില്‍ പരിചിതമായ മുഖമാണ്, കൂടാതെ ഹിന്ദി പരിചിതമായതിനാല്‍ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ പലപ്പോഴും വിവർത്തനം ചെയ്യാറുണ്ട്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറല്‍ സെക്രട്ടഖറി, യുവമോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ വൈസ് ചെയർമാൻ സ്ഥാനവും ജോർജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്.
കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 2016ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. അന്ന് സിറ്റിങ് എംഎല്‍എ ഉമ്മൻ ചാണ്ടിക്കെതിരായ മത്സരത്തില്‍ 15,993 വോട്ടുകളാണ് ജോർജ് കുര്യൻ പിടിച്ചത്.
ജോർജ് കുര്യനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിലൂടെ കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നുള്ള വോട്ടുകള്‍ ഉയർത്താനുള്ള ലക്ഷ്യം കൂടിയുണ്ട് ബിജെപിക്ക്.
ഭാര്യ അന്നമ്മ ഇന്ത്യൻ ആർമിയില്‍ നിന്ന് വിരമിച്ച നഴ്‌സിംഗ് ഓഫീസറാണ്. 2 ആണ്‍ മക്കൾ. ഒരാള്‍ കാനഡയിലും മറ്റൊരാള്‍ ജോർജിയയിലുമാണ്.