ജറുസലേം: ബന്ദികളായി ഹമാസ് പാര്‍പ്പിച്ചിരുന്ന 4 ഇസ്രയേലുകാരെ സൈന്യം മോചിപ്പിച്ചു. തെക്കന്‍ ഇസ്രയേലില്‍നിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ നോവ അര്‍ഗമണി (25), മീര്‍ ജാന്‍ (21), ആന്ദ്രെ കൊസ്‌ലോവ് (27), ശലോമി സിവ് (40) എന്നിവരെയാണു മോചിപ്പിച്ചത്. 8 മാസം മുന്‍പാണ് ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയത്. സൈനിക നീക്കത്തില്‍ നിരവധിപേര്‍ മരിച്ചതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. മധ്യ ഗാസയിലെ അല്‍ നുസ്‌റത്ത് അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ 210 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നാനൂറിലേറെ പേര്‍ക്കു പരുക്കേറ്റു.
ഹമാസ് ബന്ദികളാക്കിയ 250 പേരില്‍ നൂറോളം പേരെ വിട്ടയച്ചിരുന്നു. 40 പേരെങ്കിലും തടവില്‍ മരിച്ചെന്നാണു കരുതുന്നത്. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ഏതാനും ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ശക്തമായ ബോംബാക്രമണത്തിനു ശേഷമാണ് ഇസ്രയേല്‍ പ്രത്യേക സേന ഇന്നലെ അഭയാര്‍ഥിക്യാംപില്‍ ആക്രമണം നടത്തിയത്. ജനത്തിരക്കേറിയ മാര്‍ക്കറ്റിലും സമീപത്തെ പള്ളിയിലും ബോംബിട്ടു.
4 ബന്ദികളെ മോചിപ്പിക്കാനായി ഇസ്രയേല്‍ നൂറുകണക്കിനു പലസ്തീന്‍കാരെ കൂട്ടക്കൊല ചെയ്‌തെന്നു പലസ്തീന്‍ അതോറിറ്റി കുറ്റപ്പെടുത്തി. മധ്യ ഗാസയിലെ അല്‍ അഖ്‌സ ആശുപത്രിയിലെത്തിച്ച മരിച്ചവരിലും പരുക്കേറ്റവരിലും കുട്ടികളും സ്ത്രീകളുമാണു കൂടുതലെന്ന് അധികൃതര്‍ പറഞ്ഞു. യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 36,801 ആയി.