മാറ്റത്തിന്റെ മുഖമായി മൈജി: ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിംഗ് രംഗത്തും സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നു
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പന, വില്പനാനന്തര രംഗത്ത് 15 വർഷത്തെ സേവന പാരമ്പര്യം ഉള്ള മൈജിയുടെ റിപ്പയറിംഗ്, അധ്യാപനം, നിർമ്മാണം എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ സ്ത്രീകൾക്ക് ജോലിയും മികച്ച കരിയറും ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി രംഗത്ത്. ”വുമൺ എംപവർമെൻറ് ത്രൂ ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ്” എന്ന പദ്ധതിയിലൂടെ സ്ത്രീകളെ സാങ്കേതിക മേഖലയിലേക്ക് കൈപിടിച്ചുയർത്താനുള്ള ശ്രമത്തിലാണ് മൈജി.
ലോകത്ത് എല്ലാ മേഖലയിലും സ്ത്രീസാന്നിധ്യം സജീവമായി നിലനിൽക്കുന്നുണ്ടെങ്കിലും സാങ്കേതിക മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് നന്നേ കുറവാണ്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലയിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലി യൂണിറ്റുകളിലും വളരെ ചെറിയ ശതമാനം മാത്രമാണ് സ്ത്രീസാന്നിധ്യം നിലവിലുള്ളത്. എന്നാൽ ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിംഗ് രംഗത്തേക്ക് സ്ത്രീകൾ കടന്നു വരികയോ ഈ മേഖലയിലെ അനന്ത സാധ്യതകളെ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടില്ല. മൈജി നടപ്പാക്കുന്ന പുതിയ പദ്ധതിയിലൂടെ സ്ത്രീകളെ കൂടുതൽ ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിങ് രംഗത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട സാങ്കേതിക യോഗ്യതയുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയിലൂടെ സർഫസ് മൗണ്ട് ടെക്നോളജി(SMT), മൊബൈൽഫോൺ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സൗജന്യമായി പരിശീലനം നൽകുന്നു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സർഫസ് മൗണ്ട് ടെക്നോളജിയിലും മൊബൈൽ ഫോൺ സാങ്കേതികവിദ്യയിലും പരിശീലനം നൽകുക എന്നത് വളരെ ചിലവേറിയ ഒന്നാണ്. ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ പരിശീലന പദ്ധതി തികച്ചും സൗജന്യമായാണ് മൈജി സ്ത്രീകൾക്ക് നൽകുന്നത്.
15 പേരടങ്ങുന്ന ആദ്യ ബാച്ചിന്റെ പരിശീലനം ലോക വനിതാ ദിനമായ മാർച്ച് എട്ടിന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്പെഷ്യൽ ഡിപ്പാർട്ട്മെൻറ് ആയ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിൽ ഒരു വർഷത്തോളമാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കുന്ന സ്ത്രീകൾക്ക് മൈജി യുടെ വിവിധ ടെക്നിക്കൽ ഡിപ്പാർട്ട്മെന്റുകളിൽ ജോലിയും നൽകും. മൂന്നു വർഷത്തെ ഡിപ്ലോമ/ ഐടിഐ/ ഇലക്ട്രോണിക്സ് ട്രേഡ് മുഖ്യ വിഷയമാക്കിട്ടുള്ള വിഎച്ച്എസ്ഇ ഇതിലേതെങ്കിലും യോഗ്യതയുള്ള പ്രായം 18 നും 30 നും ഇടയിലുള്ള വനിത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക ഇൻറർവ്യൂ വഴി ആയിരിക്കും.