NEWSWorld

വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കരുത്; പിന്തുണ പിന്‍വലിക്കുമെന്ന് നെതന്യാഹുവിന് തീവ്ര വലതുപക്ഷത്തിന്റെ ഭീഷണി

ജറുസലേം: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം നടപ്പാക്കിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷം. എതിര്‍പ്പ് മറികടന്ന് ഇസ്രായേല്‍ കരാര്‍ നിര്‍ദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം ചര്‍ച്ച തുടരാമെന്നാണ് ഇസ്രായേല്‍ മധ്യസ്ഥ രാഷ്ട്രങ്ങളെ അറിയിച്ചിരിക്കുന്നത്.

ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍ഗ്വിറുമാണ് സര്‍ക്കാരിനെ വീഴ്ത്തുമെന്ന് താക്കീത് നല്‍കിയത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡിന്റെ പിന്തുണ നെതന്യാഹുവിനുണ്ട്. ലാപിഡിന്റെ യെഷ് അതിദ് കക്ഷിക്ക് 24 സീറ്റുണ്ട്. എന്തുവില കൊടുത്തും കരാര്‍ നിര്‍ദേശം നടപ്പാക്കും എന്നുതന്നെയാണ് ബൈഡന്‍ ഈജിപ്തിനും ഖത്തറിനും ഉറപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ ബെന്‍ഗ്വിറിന്റെ ‘ഒറ്റ്സ്മ യെഹൂദിത്’ കക്ഷിക്ക് ആറും സ്മോട്രിച്ചിന്റെ ‘റിലീജ്യസ് സയണിസം പാര്‍ട്ടി’ക്ക് ഏഴും സീറ്റുണ്ട്. ഇവ രണ്ടും പിന്തുണച്ചാണ് നെതന്യാഹു സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് യായര്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ തീവ്രവലതുപക്ഷം പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ വീഴാന്‍ സാധ്യതയില്ല.

Signature-ad

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍, ഈജിപ്ത്, യു.എസ് ഉദ്യോഗസ്ഥര്‍ കൈറോയില്‍ സമ്മേളിച്ച് നിര്‍ദേശത്തിന് അന്തിമരൂപം നല്‍കി ഹമാസിനെയും ഇസ്രായേലിനെയും ഇതംഗീകരിപ്പിക്കാനാണ് നീക്കം. യുദ്ധാനന്തര ഗാസയുടെ ഭരണം സംബന്ധിച്ച് ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭ ചര്‍ച്ചക്ക് തുടക്കം കുറിച്ചതായി മാധ്യമങ്ങള്‍. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പാവസര്‍ക്കാറിനെ ഗാസയില്‍ പ്രതിഷ്ഠിക്കുക എന്നതാണ് ഇസ്രായേല്‍ മുന്നില്‍ കാണുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ബന്ദിമോചനം ആവശ്യപ്പെട്ട് തെല്‍അവീവില്‍ പ്രതിഷേധം ശക്തമാവുന്നതും നെതന്യാഹുവിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

മൂന്നു ഘട്ടങ്ങളിലായുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് ബൈഡന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തില്‍ ഗാസയില്‍നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറും. അനുബന്ധമായി, ഘട്ടംഘട്ടമായി ബന്ദികളുടെയും നൂറുകണക്കിന് പലസ്തീന്‍ തടവുകാരുടെയും മോചനം നടക്കും. ബന്ദികളില്‍ ആദ്യം സിവിലിയന്മാരെയും പിന്നീട് സൈനികരെയുമാകും വിട്ടയക്കുക. പ്രതിദിനം 600 എണ്ണമെന്ന തോതില്‍ സഹായട്രക്കുകളും കടത്തിവിടും. ഗാസയില്‍ യുദ്ധവിരാമവും പുനര്‍നിര്‍മാണവും അവസാനമായി നടപ്പാക്കും. എന്നാല്‍, ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം തുടരുമെന്നായിരുന്നു നെതന്യാഹുവിന്റെ ആദ്യ പ്രതികരണം.

 

Back to top button
error: