സോള്‍: ചെറുതും വലുതുമായ കാരണങ്ങള്‍ കൊണ്ട് ലോകമാകെ വിവാഹമോചനങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ വിവാഹമോചനം വഴി പുലിവാല് പിടിച്ച ഒരു കോടീശ്വരന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദക്ഷിണ കൊറിയയിലെ സിയോളിലാണ് സംഭവം.
കൊറിയന്‍ വ്യവസായ പ്രമുഖനായ ചെയ് ടെ വോണിനാണ് വിവാഹമോചനക്കേസില്‍ ‘എട്ടിന്റെ പണി’കിട്ടിയത്. ഒന്നും രണ്ടുമല്ല 8,333 കോടി രൂപയാണ് വിവാഹമോചന കേസില്‍ തന്റെ മുന്‍ ഭാര്യ റോ സോ-യംഗിന് നല്‍കാന്‍ സിയോള്‍ കോടതി വിധിച്ചത്. ഇതിന് ചെയ് സമ്മതിക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ വിവാഹമോചന സെറ്റില്‍മെന്റായി ഇത് മാറും.
35 വര്‍ഷം മുന്‍പാണ് ബിസിനസുകാരനായ ചെയ് ടെ – വോണ്‍ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹം കോടീശ്വരന്‍ ആയിരുന്നില്ല. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. തന്റെ ഭര്‍ത്താവിന് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് റോ സോ-യംഗ് കണ്ടെത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. തുടര്‍ന്ന് റോ സോ- യംഗ് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.
ഇരുവരുടെയും കേസ് പരിഗണിച്ചപ്പോഴാണ് റോ സോ – യംഗിന് ഭര്‍ത്താവിന്റെ കമ്പനിയുടെ ഓഹരികളില്‍ ഒരു ഭാഗം നല്‍കണമെന്ന് കോടതി പറഞ്ഞത്. ദക്ഷിണ കൊറിയയിലെ പ്രമുഖ മൊബൈല്‍ കമ്പനിയായ എസ്‌കെ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ചെയ് ടെ -വോണ്‍. എസ്‌കെ ഗ്രൂപ്പാണ് ലോകത്തിലെ രണ്ടാമത്തെ വലിയ മെമ്മറി ചിപ്പ് നിര്‍മ്മാതാക്കളായ ‘ടഗ ഒ്യിശഃ’ നിയന്ത്രിക്കുന്നത്.
മുന്‍ പ്രസിഡന്റ് റോഹ് തേ – വൂവിന്റെ മകളാണ് റോ സോ -യംഗ്. ചെയ്യുടെ ബിസിനസ് വിജയത്തിന് പിന്നില്‍ മുന്‍ ഭാര്യയുടെയും അവരുടെ പിതാവിന്റെയും സംഭാവനകള്‍ ഉണ്ടെന്ന് പരിഗണിച്ചാണ് കോടതി ഇത്രയും വലിയ തുക ജീവനാംശം നല്‍കാന്‍ അറിയിച്ചത്. മുന്‍പ് എസ്‌കെയുടെ ഒരു ഓഹരി റോ ആവശ്യപ്പെട്ടത് കുടുംബകോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
റോയുടെ പിതാവിന്റെ രാഷ്ട്രീയ അധികാരവും മറ്റും എസ്.കെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. പിന്നാലെ ഹൈക്കോടതി റോയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും അധികം പണം നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ചെയുടെ അഭിഭാഷകന്‍ പറഞ്ഞു.