മലയാള സിനിമയില്‍ ഒരുകാലത്ത് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. സൂര്യമാനസം, സിംഹവാലന്‍ മേനോന്‍, സത്യമേവ ജയതേ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. നടന്‍ സുകുമാരനുമായുള്ള ഒരു സിനിമാ പിന്നണി വിശേഷം പങ്കുവയ്ക്കുകയാണ് വിജി തമ്പി. മോഹന്‍ലാലിനെ നായകനാക്കി സുകുമാരന്‍ ചെയ്യാനിരുന്ന സിനിമയെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.
”സുകുവേട്ടന് ഒരു പടം ഡയറക്ട് ചെയ്യാന്‍ വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും പല കഥകളും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. തമ്പി എനിക്കൊരു ഡയറക്ടറാകണം. അദ്ദേഹം ഒന്ന് രണ്ട് സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. ഒരിക്കല്‍ കമലിന്റെ ഒരു സിനിമയുടെ ഡബ്ബിംഗ് മദ്രാസില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാല്‍ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുയാണ്.
ലാലിന്റെ ഡേറ്റ് വാങ്ങാനാണ് സുകുവേട്ടന്‍ അവിടെ വന്നത്. അന്നൊക്കെ സുകുവേട്ടന്‍ വളരെ ഡൗണായി നില്‍ക്കുന്ന സമയമാണ്. എന്നെയൊന്ന് സഹായിക്കണമെന്ന് മോഹന്‍ലാലിനോട് പറഞ്ഞ് സുകുവേട്ടന്‍ ഡേറ്റൊക്കെ വാങ്ങിയിട്ട് പോയി. അന്ന് ലഞ്ച് ബ്രേക്ക് സമയത്ത് മോഹന്‍ലാല്‍ ഒരു തമാശ പറഞ്ഞു. സുകുവേട്ടനും ലാലുമായുള്ള ഒരു സംഭവം.
ബാലു കിരിയത്ത് സംവിധാനം ചെയ്ത തകില്‍കൊട്ടാമ്പുറം എന്ന സിനിമ. ആ സിനിമയില്‍ പ്രേം നസീറും സുകുവേട്ടനുമാണ് നായകന്മാര്‍. സുകുവേട്ടന്‍ അന്ന് കത്തി നില്‍ക്കുന്ന സമയമാണ്. അതിലെ വില്ലനാണ് മോഹന്‍ലാല്‍. ലാല്‍ അന്ന് ഉദയയുടെ ഏതോ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അന്നൊക്കെ ഫൈറ്റ് എന്ന് പറഞ്ഞാല്‍ ഒരു ദിവസത്തെ ഷൂട്ടിംഗാണ്.
സുകുവേട്ടന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട്. പക്ഷേ മോഹന്‍ലാല്‍ കൂടി എത്തണം. ലാല്‍ അന്ന് സിനിമയില്‍ ഒന്നും ആയിട്ടില്ല. ലാലിന് വരാനും കഴിഞ്ഞില്ല. സുകുവേട്ടനോട് കാര്യം പറഞ്ഞപ്പോള്‍, നടക്കില്ല ആശാനേ… നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എടുത്തോണം, അല്ലെങ്കില്‍ വേറെ ആളെ വച്ച് ഷൂട്ട് ചെയ്യ്. അവസാനം ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പിനെ വച്ച് മുഴുവന്‍ ഷൂട്ട് ചെയ്തു. പിന്നീട് ലാല്‍ വന്നാണ് ചില ഭാഗങ്ങള്‍ എടുത്തത്.
ഇത് ലാല്‍ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. ഇവനൊക്കെ വേണ്ടി വെയിറ്റ് ചെയ്യാന്‍ കഴിയോ എന്നാണ് അന്ന് സുകുവേട്ടന്‍ ചോദിച്ചതത്രേ. ഇന്നിപ്പോള്‍ അദ്ദേഹത്തിന് കുറേനേരം വന്ന് ഇരിക്കേണ്ടി വന്നു. അതാണ് സിനിമ”.