തിരുവനന്തപുരം: കാറിനുള്ളില്‍ ‘കുള’മൊരുക്കിയ സംഭവത്തില്‍ നടപടി നേരിട്ട യു ട്യൂബര്‍ സഞ്ജു ടെക്കി നടപടികളെ നിസ്സാരവത്കരിച്ചും പരിഹസിച്ചും പുതിയ വീഡിയോ അപ്ലോഡ് ചെയ്തു. ഇതേത്തുടര്‍ന്ന് ഇയാളുടെ മുഴുവന്‍ റോഡ് നിയമലംഘനങ്ങളും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക അന്വേഷണസംഘത്തെ മോട്ടോര്‍വാഹന വകുപ്പ് (എം.വി.ഡി.) ചുമതലപ്പെടുത്തി.
നടപടി നേരിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് വീഡിയോയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഹൈക്കോടതിയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതിനാല്‍ കേസ് കൂടുതല്‍ നിയമനടപടികളിലേക്കു കടക്കുമെന്നുറപ്പായി.
വീഡിയോ വൈറലാകാന്‍ കാറിന്റെ നടുവിലെ സീറ്റഴിച്ചുമാറ്റി ‘കുള’മൊരുക്കി യാത്രചെയ്തതിന് കലവൂര്‍ സ്വദേശി സഞ്ജുവിനും സംഘത്തിനുമെതിരേ ബുധനാഴ്ചയാണ് എം.വി.ഡി. നടപടിയെടുത്തത്. കാറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ഇയാള്‍ക്കെതിരേ ആറു വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു.
സംഭവം വാര്‍ത്തയായതിനും കേസെടുത്തതിനും ശേഷം തനിക്കും തന്റെ ചാനലിനും വലിയ പ്രചാരം കിട്ടിയെന്നാണ് ഇയാളുടെ അവകാശവാദം. 10 ലക്ഷം രൂപ ചെലവിട്ടാല്‍പോലും കിട്ടാത്ത പ്രശസ്തി ലഭിച്ചെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്.
ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാളിലെ എം.വി.ഡി. കേന്ദ്രത്തില്‍ ബോധവത്കരണ ക്ലാസ്സില്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതിനെയും നിസ്സാരവത്കരിക്കുന്ന രീതിയിലാണ് വീഡിയോ. ബോധവത്കരണയാത്ര ഒരു ട്രിപ്പായി മാറ്റുമെന്നും ഇതും വീഡിയോയ്ക്ക് വിഷയമാക്കുമെന്നുമാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്.