മുംബൈ: പുണെയില്‍ പതിനേഴുകാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഡംബരക്കാറിടിച്ച് രണ്ട് ഐടി ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ അമ്മ ശിവാനി അഗര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതിയുടെ രക്തസാംപിളിനു പകരം തന്റെ രക്തം പരിശോധനയ്ക്കായി നല്‍കിയ കേസിലാണ് അറസ്റ്റെന്ന് പുണെ പൊലീസ് കമ്മിഷണര്‍ അമൃതേഷ് കുമാര്‍ പറഞ്ഞു. ആദ്യം കൗമാരക്കാരന്റേത് എന്ന നിലയില്‍ പരിശോധിച്ച രക്തം ശിവാനി അഗര്‍വാളിന്റേതാണെന്നു കണ്ടെത്തിയിരുന്നു. അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ രക്തസാംപിളും മാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്.
പതിനേഴുകാരനെ ചോദ്യം ചെയ്യാന്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതി തേടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നാണ് ചട്ടം. അപകട ദിവസം പതിനേഴുകാരന്‍ മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ പിതാവ് വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയതിനാണ് പിതാവ് അറസ്റ്റിലായത്. അപകടം നടന്നതിന് പിന്നാലെ കുടുംബ ഡ്രൈവറെ കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് സുരേന്ദ്ര അഗര്‍വാള്‍ പിടിയിലായത്. ഈ കേസിലും പിതാവ് പ്രതിയാണ്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പതിനേഴുകാരന് ദുര്‍ബലവ്യവസ്ഥകളോടെ ജാമ്യം നല്‍കിയ വിഷയത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അടുത്തയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മേയ് 19 ന് രാത്രിയില്‍ ഉണ്ടായ അപകടം കാറോട്ട മത്സരത്തെത്തുടര്‍ന്നാണെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്.