ചെന്നൈ: തമിഴ്‌നാട്ടില്‍ മുലപ്പാല്‍ വില്‍പ്പന നടത്തിവന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. സ്ഥാപന ഉടമ മുത്തയ്യക്കെതിരെ കേസെടുത്തു. 20 മില്ലിലിറ്റര്‍ കുപ്പിക്ക് 500 രൂപയാണ് ഈടാക്കിയിരുന്നത്. ലൈഫ് വാക്‌സിന്‍ സ്റ്റോര്‍ എന്ന സ്ഥാപനമാണ് അനധികൃത വില്‍പ്പന നടത്തിവന്നത്. 20 മില്ലി ലിറ്ററിന്റെ 45 ബോട്ടിലുകള്‍ സ്ഥാപനത്തിന്റെ ഫ്രീസറിനകത്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.
മുലപ്പാല്‍ അധിഷ്ഠിത ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 2016ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാല്‍ സംസ്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ അനുവാദമില്ല. ഇതിനായി ആര്‍ക്കും ലൈസന്‍സും നല്‍കിയിട്ടില്ല.
മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിന്റെ വില്പന കുതിച്ചുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ അതോറിട്ടി ഓഫ് ഇന്ത്യ രംഗത്തെത്തിയത്. അതേസമയം മുലയൂട്ടുന്ന അമ്മയ്ക്ക് ആരോഗ്യവും സമ്മതവും ഉണ്ടെങ്കിൽ മുലപ്പാൽ ദാനം ചെയ്യാന്‍ നിയമപരമായി അനുവാദമുണ്ട്.
ചെന്നൈയിൽ പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കുന്നതിനായുള്ള ലൈസന്‍സിന്റെ മറവിലായിരുന്നു മുലപ്പാല്‍ വില്‍പ്പന. ഓരോ ബോട്ടിലിന് മുകളിലും അത് തന്നയാളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.