IndiaNEWS

മുംബൈ കെമിക്കൽ ഫാക്ടറിയിലെ  സ്ഫോടനത്തിൽ അർദ്ധരാത്രി വരെ 8 മരണം, മരണ സംഖ്യ ഉയർന്നേക്കും,  പരിക്കേറ്റവർ 65

    താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം നടന്ന തീപിടിത്തതിൽ 8 പേർ മരിച്ചു. 65 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 3 പേർ സ്ത്രീകളാണ്. നിരവധിപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഡോംബിവ്‌ലി എംഐഡിസി സമുച്ചയത്തിന്‍റെ രണ്ടാംഫെയ്സിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചത് വൻ തീപിടിത്തത്തിന് കാരണമായി.

ഫാക്ടറിയിൽനിന്ന് ഉഗ്രശബ്ദത്തോടെ 3 സ്ഫോടനങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. കെട്ടിടത്തനുള്ളിൽനിന്ന് ഇന്ന് പുലർച്ചെയോടെയാണ്  ആളുകളേയും ഒഴിപ്പിച്ചത്. ഡ്രോണുകൾ ഉപയോ​ഗിച്ച് ഇനിയും ആരെങ്കിലും ഉള്ളിലുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്.

Signature-ad

കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനലുകൾ തകർന്നു. സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെവരെ കേട്ടതായാണ് ആളുകൾ പറയുന്നത്. സമീപത്തെ ക്ഷേത്രത്തിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി ഭക്തർ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ്  അപകടം നടന്നത്.

ഫാക്ടറിയിൽനിന്ന് 10 പേരെ ഒഴിപ്പിച്ചതായി അപകടസ്ഥലം സന്ദർശിച്ചതിന് ശേഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും അപകടസ്ഥലം സന്ദർ‌ശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: