എറണാകുളം: കോവിഡ് ചികിത്സയ്ക്ക് ഇര്‍ഷുറന്‍സ് തുക നല്‍കാത്ത സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ട പരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
ക്യാഷ് ലെസ് ചികിത്സക്ക് അവകാശം ഉണ്ടായിരുന്നിട്ടും ചികിത്സാ ചെലവ് നല്‍കാതിരുന്ന കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ കച്ചവട രീതിയുമാണെന്ന് കോടതി പറഞ്ഞു. ചികിത്സ ചെലവായ 46,203 രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 30,000 രൂപയും കമ്പനി പരാതിക്കാരന് നല്‍കണമെന്നാണ് കോടതി ഉത്തരവ്.
എറണാകുളം പുത്തന്‍ കുരിശ് സ്വദേശി റെജി ജോണ്‍ സമര്‍പ്പിച്ച പരാതിയില്‍ ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഉത്തരവിട്ടത്. വ്യാപാരി വ്യവസായി സംഘടനയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് ഡ്രൈവറായ പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്നും ഇന്‍ഷുറന്‍സ് പോളിസി എടുത്തത്.
2021 ജനുവരിയില്‍ ഡെങ്കിപ്പനിയും കോവിഡും പരാതിക്കാരനെ ബാധിച്ചതായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിസി വ്യവസ്ഥ പ്രകാരം ക്യാഷ് ലെസ് ചികിത്സക്ക് അവകാശം ഉണ്ടായിരുന്നിട്ടും ആശുപത്രി ചെലവ് നല്‍കാന്‍ എതിര്‍കക്ഷി തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
ഇന്‍ഷുറന്‍സ് കമ്പനിയുടെ എം പാനല്‍ ആശുപത്രിയില്‍ തന്നെയാണ് പരാതിക്കാരന്‍ ചികിത്സ സ്വീകരിച്ചത്. എന്നാല്‍, ക്ലെയിം അനുവദിക്കാന്‍ ആവശ്യമായ മുഴുവന്‍ ഒറിജിനല്‍ രേഖകളും പരാതിക്കാരന്‍ ഹാജരാക്കിയില്ല എന്ന നിലപാടാണ് എതിര്‍കക്ഷി കോടതി മുമ്പാകെ സ്വീകരിച്ചത്.