ജിതേഷ് മംഗലത്ത്
കോടാനുകോടി പേരുകളുണ്ട് മലയാളിക്കിടാനായിട്ട്. എന്നിട്ടും എന്തുകൊണ്ട് ഈയൊരു മനുഷ്യന് മോഹൻലാലെന്ന് പേരിട്ടു എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഏറ്റവും മനോഹരമായ രീതിയിൽ നാമകരണം ചെയ്യപ്പെട്ട ഒരാളാണ് മോഹൻലാൽ. ആ പേരിന്റെ രണ്ടാം ഭാഗം നോക്കൂ. ലാൽ… എന്തു ലളിതമാണാ വാക്ക്…!
എന്ത് മൃദുലമായാണ് അതുച്ചരിക്കപ്പെടുക? പലരും കളിയാക്കുന്നതുപോലെ ലോലമാണാ നാമം തന്നെയും. അയഞ്ഞു കുഴഞ്ഞു കിടക്കുന്ന അഭിനയസങ്കേതത്തെ പേരിൽ തന്നെ കുറിച്ചുവെക്കുന്ന അപൂർവ്വ പ്രതിഭാസങ്ങളിലൊന്ന്. ഒപ്പം മോഹനമായതൊന്നു കൂടി അതിലേക്ക് ചേരുമ്പോൾ മലയാളിയുടെ ജീവിതത്തിലെ ഏറ്റവും മോഹിപ്പിക്കുന്ന ലാളിത്യങ്ങളിലൊന്ന് ജനിക്കുകയായിരുന്നു. ‘ല’കാരത്തിന്റെ ഇരട്ടിപ്പിൽ ചേർക്കപ്പെടുന്ന മോഹന ഭാവത്തിലാണ് ആ നടന്റെ പേര് അടയാളപ്പെടുന്നത്.
ലാൽ എന്ന, പ്രത്യക്ഷത്തിൽ യാതൊരു മലയാളിത്ത ഭാവവും പേറാത്ത ഒരു വാക്ക് ഏറ്റവും പ്രിയതരരാഗങ്ങളിലൊന്നിനോട് ചേരുമ്പോൾ ലഭിക്കുന്ന കോൺട്രാസ്റ്റിലാണ് മോഹൻലാൽ എന്ന നാമം സുന്ദരമാകുന്നത്. മറ്റൊരു അഭിനേതാവിനും ഇത്തരമൊരു സൗഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. ലാലിനെ മലയാളികളുടെ ‘എക്സ്ക്ലൂസിവിറ്റി’ യിലേക്ക് പ്രതിഷ്ഠിക്കുന്ന മറ്റൊരു ഘടകം അയാളിലടിമുടി നിറഞ്ഞു നിൽക്കുന്ന മലയാളിത്തമാണ്. മമ്മൂട്ടിക്കോ, സുരേഷ് ഗോപിക്കോ ഒക്കെ മറ്റേതൊരു ഭാഷാ സിനിമയിലും തദ്ദേശവാസിയെന്നു തോന്നിപ്പിക്കാൻ സാധിക്കുമെങ്കിൽ ഈ മനുഷ്യന്റെ കാര്യത്തിൽ അതങ്ങനെയല്ല. അയാളുടെ സ്വത്വം മലയാളിയുടേതാണ്; ശരീരഭാഷയിലുമതെ അതു പ്രസരിപ്പിക്കുന്ന ഭാവപ്രകാശനങ്ങളിലുമതെ. അഞ്ചു ദശാബ്ദക്കാലങ്ങളായി മലയാളി സൈക്കി അഭിരമിക്കുന്ന പ്രൊഫൈലുകളിലൊന്ന് ലാലിന്റേതാകുമ്പോൾ അതിനു പുറത്തൊരു ജീവിതമില്ലെന്ന രീതിയിൽ ലാലതിനെ കോംപ്ലിമെന്റ് ചെയ്യുന്നു.
കൽപറ്റ നാരായണൻ നിരീക്ഷിക്കുന്നതു പോലെ, ലാൽ കഥാപാത്രങ്ങളിൽ നിന്ന് പുറത്തേക്ക് തുളുമ്പും. അസന്ദിഗ്ദ്ധമാണ് ലാലിന്റെ സന്ദിഗ്ദ്ധമായ ലാലത്തം. ഏതു കഥാപാത്രവും അയാൾക്കു വഴങ്ങും; പക്ഷേ ലാൽ ഒരു കഥാപാത്രത്തിനും വഴങ്ങില്ല.
മോഹൻലാലിനെക്കുറിച്ച് ഇനിയെന്തെഴുതാനാണെന്ന് എഴുതാനിരിക്കുന്ന ഓരോ തവണയും ഞാനെന്നോടു തന്നെ ചോദിക്കുന്നു. എഴുത്തും, വായനയും, കാഴ്ച്ചയും ഒക്കെ ആവശ്യപ്പെടുന്ന രൂപഭദ്രതകൾക്കപ്പുറത്ത്, പ്രതലനിയമങ്ങൾക്കപ്പുറത്ത്, എല്ലാ വ്യവസ്ഥാപിതകാർക്കശ്യങ്ങളെയും നേർപ്പിച്ചു കളയുന്ന ഒരു ‘അയഞ്ഞുകുഴയലിനെ’യാണ് മോഹൻലാലെന്ന് വിശേഷിപ്പിക്കാൻ ഞാനിഷ്ടപ്പെടുന്നത്. ‘മലൈക്കോട്ടൈ വാലിബ’നെ സ്ക്രീനിൽ ആദ്യമായാവതരിപ്പിക്കുമ്പോൾ ആകെയൊന്നഴിഞ്ഞലഞ്ഞുള്ള ആ ഒരു നടത്തമുണ്ട്. ഒരഭിനേതാവെന്ന നിലയിലുള്ള ലാലിൻ്റെ അഭിനയശൈലിയുടെ സിഗ്നേച്ചർ എക്സിബിഷനായാണ് ഞാനതിനെ കാണുന്നത്.
രണ്ടു വരകൾക്കിടയിൽ, രണ്ട് പിച്ചുകൾക്കിടയിൽ തങ്ങളുടെ കഥാപാത്രങ്ങളെ കൊണ്ടാടുന്നവരാണ്, കൊണ്ടിടുന്നവരാണ് കണ്ടു പരിചയിച്ച മഹാനടന്മാരിൽ പലരും. അവരിൽ നിന്ന് മോഹൻലാൽ വ്യത്യസ്തനാകുന്നത് വരകളേയില്ലാത്ത ഒരു കാൻവാസിലേക്ക് തന്റെ അഭിനയശേഷിയെ കോരിയൊഴിക്കുന്നതു കൊണ്ടാണ്.
ലാൽ പിന്തുടരുന്ന അഭിനയസങ്കേതത്തിൽ കഥാപാത്രത്തെ വരച്ചിടുന്നതിൽ ഹാർഡ് ബ്രഷ് സ്ട്രോക്കുകൾ ഇല്ലേയില്ല. വളരെ മൃദുലമായി കോറിയിടപ്പെടുന്നവയാണ് ലാലിന്റെ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും.
ഉദാഹരണത്തിന് നമുക്ക് ഒരു കൊമേഴ്സ്യൽ സിനിമ തന്നെയെടുക്കാം. ‘നര’നിലെ മുള്ളങ്കൊല്ലി വേലായുധനെ ഒന്നോർത്തു നോക്കൂ. രഞ്ജിത്തിന്റെ (കു)പ്രസിദ്ധമായ അതിമാനുഷനായകകഥാപാത്രങ്ങളുടെ ഓറ പേറുന്നവൻ തന്നെയാണ് വേലായുധൻ. എന്നാലോ അവരിൽ നിന്നു വ്യത്യസ്തമായി അയാൾ മണ്ണിൽ വേരൂന്നി നിൽക്കുക തന്നെ ചെയ്യുന്നു.
“ഒറ്റത്തന്തയ്ക്കു പിറന്നവനാണെങ്കിൽ വേലായുധനെ നേരെ നിന്നടിക്കെടാ”എന്നു പറയുന്ന അതേ കഥാപാത്രം തന്നെയാണ് വല്യമ്പ്യാരുടെ മുമ്പിൽ കൊച്ചുകുഞ്ഞിനെപ്പോലെ നിൽക്കുന്നതും, പൊലീസ് സ്റ്റേഷനിൽ ഒരു മൂലയ്ക്ക് ചമ്രം പടിഞ്ഞിരിക്കുന്നതും. അതേ വേലായുധനാണ് ഇന്നസെന്റിന്റെ കഥാപാത്രത്തോട് അമ്മയെപ്പറ്റി പറയുന്നതും, ദേവയാനിയുടെ മകളെ വാത്സല്യത്തോടെ നോക്കുന്നതും. കഥാപാത്രത്തെ അഭിനയ സങ്കേതത്തിലൂടെ എസ്റ്റാബ്ലിഷ് ചെയ്യുമ്പോൾ ഒരിടത്തും കൂടുതൽ ഊന്നൽ കൊടുക്കാതെ അയഞ്ഞു കുഴഞ്ഞ വരകളിലൂടെ മോഹൻലാൽ സാദ്ധ്യമാക്കുന്നത് കലയുടെ അബ്സ്ട്രാക്ട്നെസ്സിനെക്കൂടിയാണ്.
പലരും നിരീക്ഷിക്കുന്നതു പോലെ, ചിലരൊക്കെ പരിഹസിക്കുന്നതു പോലെയും; ശാരീരികമായി ‘തികഞ്ഞൊരു പുരുഷൻ’ അല്ല മോഹൻലാൽ. മാതൃകാനായക ശരീരത്തിൽ നിന്നും വിട്ടുമാറിനിൽക്കുന്ന ഒട്ടനവധി അപൂർണ്ണതകളുടെ സങ്കലനമാണ് അയാളുടെ രൂപം. സാമാന്യജനങ്ങളെ അയാളുടെ ഈ അപൂർണ്ണതയിൽ താദാത്മ്യപ്പെടുത്താനുള്ള ലാലിന്റെ ജന്മസിദ്ധമായ കഴിവാണ് അയാളെ മലയാളി കാമനകളുടെ ന്യൂമറോ യുനോ ആക്കുന്നത്. അതിനൊപ്പം സ്വതസിദ്ധമായ ശരീരവഴക്കം കൂടിയായപ്പോൾ ചേർച്ചയില്ലായ്മകൾ ചേർന്നുണ്ടാകുന്ന ചേർച്ചയിൽ ലാലിന്റെ ശരീരാപൂർണ്ണതകളിൽ മലയാളി കുഴഞ്ഞുവീണു.
ആദിമദ്ധ്യാന്തപ്പൊരുത്തങ്ങളില്ലാതെയാണ് ലാൽ നടനമാടുന്നത് ചിലർ വിമർശിച്ചുകാണാറുണ്ട്. കൃത്യമായ അതിർത്തികളിൽ ഒതുങ്ങിനിൽക്കാത്ത തരത്തിലുള്ള അഭിനയ ശൈലികൊണ്ടാണ് മിക്കപ്പോഴും അങ്ങനെ തോന്നിപ്പോകുന്നത്. കഥാപാത്രം രജിസ്റ്റേഡാകുന്നതിലും, പ്രേക്ഷകൻ അയാളെ ഇഷ്ടപ്പെടുന്നതിലും ഒരു പ്രധാനപങ്കു വഹിക്കുന്നത് ഈ ശൈലി തന്നെയാണ്. എന്തുകൊണ്ട് മോഹൻലാൽ എന്ന ചോദ്യത്തിന് മോഹൻലാലല്ലാതെ മറ്റാര് എന്ന മറുചോദ്യമേ മനസ്സിലുയരാറുള്ളൂ. മറകളും, അകലങ്ങളുമില്ലാതെ അങ്ങേയറ്റം റിസപ്റ്റീവായി മാറുന്ന അഭിനയസങ്കേതവും, അതിന്റെ സുതാര്യവും ലളിതവുമായ ഭാവപ്രകാശനവും ഈ ലേഖകൻ മറ്റാരിലും കണ്ടിട്ടില്ല.
ഭരതനൊരിക്കൽ അഭിപ്രായപ്പെട്ടതുപോലെ ഇടഞ്ഞ താളത്തിൽ കൊണ്ടുനിറുത്തുമ്പോഴാണ് ലാലിന്റെ പൊട്ടൻഷ്യലും, ടെക്സ്ചറും കൂടുതൽ തെളിഞ്ഞു വരിക. ‘താഴ്വാര’ത്തിൽ ഇത്തരത്തിൽ ഒരു ഇടഞ്ഞ താളത്തിലേക്കും, അപരിചിതമായൊരു സാഹചര്യത്തിലേക്കുമാണ് എം.ടി യും, ഭരതനും കൂടി ലാലിനെ ഇറക്കിവിടുന്നത്. ലഭിക്കുന്നത് അയാളുടെ ചൊൽക്കാഴ്ചകളുടെ ഏറ്റവും കോൺട്രാസ്റ്റിംഗ് ആയിട്ടുള്ള ടെക്സ്ചറുകളാണ്. ആ ടെക്സ്ചറുകൾക്ക് ഭംഗിയേറുന്നത് നേരത്തെ പറഞ്ഞതുപോലുള്ള അഴഞ്ഞുകുഴഞ്ഞുള്ള ശൈലികൊണ്ടു കൂടിയാണ്. അടിമുടി ഗില്ലറ്റിൻ ഷാർപ്നസ്സ് നിറഞ്ഞു നിൽക്കുന്നിടത്തുകുടി സുമലതയുമായുള്ള പോർഷനുകളിൽ അയാൾ സുന്ദരമായി ആവൃത്തികളുടെ ‘ലോനെസ്സി’നെ സ്പർശിക്കുന്നതു കാണാം.
വളരെ റിജിഡായ ഒരു പെർഫോമൻസ് ആർക്കിനെ പിന്തുടരുന്ന, റിഥമിക് പോയൻറ്റുകളെ തിരസ്കരിക്കുന്ന, ‘സാഗർ ഏലിയാസ് ജാക്കി’ പോലൊരു ചിത്രത്തിൽ പോലും, മൂവ്മെൻറ്റുകളായും, മിഴിയിളക്കങ്ങളാലും ആ റിജിഡിറ്റിയെ മറികടക്കാൻ ശ്രമിക്കുന്ന മോഹൻലാലുണ്ട്. ‘ഛോട്ടാമുംബൈ’യിൽ രാജൻ.പി.ദേവിനെ കാണാൻ വരുന്ന ഫ്രെയിമിൽ അൻവർ റഷീദ് ലാലിനെ പകർത്തിവെക്കുന്ന ഒരു ഷോട്ടുണ്ട്; സ്ക്രീനിനെ ബൈസെക്ട് ചെയ്തുകൊണ്ട് ആടിക്കുഴഞ്ഞു വരുന്ന വാസ്കോ. അന്നേരം അയാളെ കവിളിൽ ഉമ്മ വെക്കാൻ തോന്നുന്നത് രാജൻ.പി.ദേവിനു മാത്രമല്ല; പ്രേക്ഷകനുകൂടിയാണ്.
എത്രയൊക്കെ എതിർത്താലും, എത്രയൊക്കെ എഴുതിക്കുട്ടിയാലും ലാൽ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണ്.
ലാൽ എന്ന സങ്കൽപത്തെ, ആ സങ്കല്പത്തിന് അയാൾ നൽകുന്ന ദൃശ്യ- ശ്രാവ്യ ഭാഷ്യങ്ങളെ പ്രണയിച്ചു തുടങ്ങിയിട്ട് കാലമെത്ര കഴിഞ്ഞിരിക്കുന്നു…! എന്നിട്ടും ആ മുഖം തിരശ്ശീലയിൽ കാണുമ്പോൾ പ്രണയമെന്റെ കണ്ണുകളെയും, ഹൃദയത്തേയും നനച്ചു കൊണ്ടേയിരിക്കും; ഞാനാ മുഖരാഗത്തിൽ മുഗ്ദ്ധനായിക്കൊണ്ടേയിരിക്കും.
എന്നെ ഞാനാക്കിയ ഭാവരാഗങ്ങളുടെ ഋതുപ്പെയ്ത്തിനുടയോനേ..
താങ്കൾക്കൊരായിരം പിറന്നാളാശംസകൾ