CrimeNEWS

അമിത മദ്യപാനവും ശാരീരിക പീഡനവും സഹിക്കാനാവുന്നില്ല; ഭര്‍ത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ

ഗുവാഹത്തി: ശാരീരിക പീഡനം സഹിക്കാനാവാതെ ഭര്‍ത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി അറസ്റ്റില്‍. അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് കൊലപാതകം നടന്നത്. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന സോറന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ജോര്‍ഹട്ടിലെ മരിയാനി ഏരിയയിലെ മുര്‍മുരിയ ടീ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നത്.ഇവരുടെ വീടിന് സമീപം എന്തോ കത്തുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പാതി കത്തിയ സോറന്റെ മൃതദേഹം കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഭര്‍ത്താവ് മദ്യപിച്ച് എല്ലാ ദിവസവും തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും മകനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊല്ലേണ്ടി വന്നതെന്നും യുവതിയുടെ കുറ്റസമ്മതത്തില്‍ പറയുന്നു.

Signature-ad

യുവതിയുടെ മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 2015 ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ ചൈല്‍ഡ് ഇന്‍ കോണ്‍ഫ്ലിക്റ്റ് വിത്ത് ലോ (സിസിഎല്‍) പ്രകാരം അന്വേഷണം നടത്തുമെന്ന് ജോര്‍ഹട്ട് ജില്ലാ പൊലീസ് മേധാവി ശ്വേതാങ്ക് മിശ്ര പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. യുവതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

 

Back to top button
error: