എറണാകുളം: ജില്ലയുടെ പലഭാഗങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നോര്‍ത്ത് കളമശ്ശേരിയില്‍ രണ്ടാഴ്ചക്കുള്ളില്‍ 28 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.
ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂവാറ്റുപുഴ ആര്‍ഡിഒ: ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കഴിഞ്ഞ ഏപ്രില്‍ 17നാണ് വേങ്ങൂര്‍ പഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടിത് പടരുകയായിരുന്നു. ജില്ലയില്‍ നിലവില്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 40ലേറെ പേര്‍ക്ക് രോഗബാധയേല്‍ക്കുകയും ചെയ്തു. വേങ്ങൂരിലെ 15 വാര്‍ഡുകളില്‍ നിലവില്‍ രോഗബാധയുണ്ട്.
മരണകാരണം, ഹെപ്പറ്റൈറ്റിസ് എ പടരാനുള്ള കാരണങ്ങള്‍, അധികാരികളില്‍ വീഴ്ച സംഭവിച്ചോ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവയാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം ഒന്‍പതിന് ജില്ലാ കളക്ടര്‍ ഉമേഷ് എന്‍ എസ് കെ വേങ്ങൂര്‍ പഞ്ചായത്ത് സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയില്‍ മഞ്ഞപ്പിത്തഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വെള്ളത്തിന്റെയും ഐസിന്റെയും സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കുടിവെള്ളം, ഐസ്, വഴിയോരക്കടകളില്‍ ഉപയോഗിക്കുന്ന വെള്ളം എന്നിവയുടെ സാംപിളുകളാണ് ശേഖരിച്ചത്. ഫലം വന്നുകഴിഞ്ഞാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കുകയും വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് അപാകതകള്‍ പരിഹരിക്കാനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്.