Fiction

പറയുന്ന വാക്കുകളെ മാത്രമല്ല, പറയാത്ത വാക്കുകളേയും തിരിച്ചറിയുന്നതാണ് ആത്മബന്ധം

വെളിച്ചം

 

Signature-ad

ഗുരുവും ശിഷ്യരും ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയാണ്. വഴിയരുകിലെ ഒരു വീട്ടില്‍ നിന്ന് ഉച്ചത്തില്‍ ആളുകള്‍ സംസാരിക്കുന്നതു കേട്ട് ശിഷ്യരിലൊരാള്‍ ഗുരുവിനോട് ചോദിച്ചു:

“ഇവര്‍ എന്തിനാണ് ഇത്ര ഉറക്കെ സംസാരിക്കുന്നത്. പതുക്കെ സംസാരിച്ചാലും അവര്‍ക്ക് തമ്മില്‍ കേള്‍ക്കാമല്ലോ?”
ഗുരു പറഞ്ഞു:
“ദേഷ്യത്തോടെ സംസാരിക്കുമ്പോള്‍ രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഒരുപാട് അകലെയാണ്. അതുകൊണ്ടാണ് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്.”
കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോള്‍ പ്രണയബദ്ധരായ യുവമിഥുനങ്ങളെ കണ്ടു. അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുരു പറഞ്ഞു:
“അവര്‍ സംസാരിക്കുന്നത് ഇത്ര അടുത്തു നിന്നിട്ടും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല. അത്രയും താഴ്ന്ന സ്വരത്തിലാണ് അവര്‍ സംസാരിക്കുന്നത്. മാത്രമല്ല, അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അത്രയും അടുത്താണ്… ‘

കാതുകളോട് സംസാരിക്കുന്നവര്‍ ശബ്ദിക്കും… ഹൃദയത്തോട് സംസാരിക്കുന്നവര്‍ മന്ത്രിക്കും. കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ എന്നതല്ല, മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് ബന്ധങ്ങള്‍ വളരുന്നതിന്റെയും തളിര്‍ക്കുന്നതിന്റെയും അടിസ്ഥാനം.

ബന്ധങ്ങളുടെ അകലം എന്നത് മാനസിക ദൂരമാണ്. അടുത്തിരിക്കുമ്പോഴും അകലത്തിലായിരിക്കുന്നവരും, അകന്നിരിക്കുമ്പോഴും അടുത്തിരിക്കുന്നവരും ഉണ്ട്. അടുപ്പമെന്നത് ചര്‍മ്മസ്പര്‍ശമല്ല, ഹൃദയസ്പര്‍ശമാണ്. അതിന് പറയുന്നവാക്കുകളെ മാത്രമല്ല, പറയാത്തവാക്കുകളേയും തിരിച്ചറിയാനാകും.

അകന്നിരിക്കുന്ന ഹൃദയങ്ങള്‍ അടുക്കട്ടെ… ബന്ധങ്ങള്‍ തളിര്‍ക്കുകയും വളരുകയും ചെയ്യട്ടെ.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: